ന്യൂഡൽഹി: വിദ്യാലയ പ്രവേശനത്തിലും ഉദ്യോഗത്തിലും സംവരണത്തിന് അർഹതപ്പെട്ട ജാതി വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അവകാശം പുനഃസ്ഥാപിച്ചു നൽകുന്ന ഭരണഘടന ഭേദഗതി ബില്ലിന് ലോക്സഭയിൽ ഭരണ, പ്രതിപക്ഷത്തിെൻറ പിന്തുണ. പ്രതിേഷധങ്ങൾക്ക് അവധി നൽകി ഏകകണ്ഠമായി ബിൽ സഭ പാസാക്കി. ഒ.ബി.സി പട്ടികയിൽ മാറ്റംവരുത്താനുള്ള അധികാരം കേന്ദ്രത്തിനു മാത്രമായി പരിമിതപ്പെടാൻ ഇടയാക്കിയ സുപ്രീംകോടതി വിധി മറികടക്കാനാണ് സർക്കാർ 127ാം ഭരണഘടന ഭേദഗതി ബിൽ കൊണ്ടുവന്നത്.
ബിൽ പാസാക്കാൻ സർക്കാറുമായി സഹകരിച്ച പ്രതിപക്ഷം, സംവരണത്തിന് 50 ശതമാനമെന്ന പരിധി നീക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ജെ.ഡി.യു, ബി.എസ്.പി, ഡി.എം.കെ തുടങ്ങിയ പാർട്ടികൾ മുന്നോട്ടുവെച്ചു. പെഗസസ് ചാരവൃത്തി കേസിൽ ചർച്ച അനുവദിക്കാത്തതിനെ തുടർന്ന് സഭാ സ്തംഭനം നാലാമത്തെ ആഴ്ചയിലേക്ക് നീണ്ടതിനിടയിലാണ് പ്രതിപക്ഷ, ഭരണപക്ഷ ചേരികളിൽ ഉണ്ടായ ധാരണപ്രകാരം ഭരണഘടന ഭേദഗതി ബിൽ പാസാക്കിയത്.
ഭരണഘടന ഭേദഗതി 671 ജാതി വിഭാഗങ്ങൾക്ക് ഉപകരിക്കുമെന്ന് സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്രകുമാർ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വെവ്വേറെ ഒ.ബി.സി പട്ടിക നിലനിൽക്കും. പിന്നാക്ക വിഭാഗ കമീഷന് ഭരണഘടനാ പദവി നൽകാനും പിന്നാക്ക വിഭാഗങ്ങളിൽ അർഹരായവരെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം പുനഃസ്ഥാപിക്കാനുമായി 338 ബി, 342 എ എന്നീ ഭരണഘടന ഭേദഗതികളാണ് കൊണ്ടുവന്നത്.
2018ൽ സർക്കാർ കൊണ്ടുവന്ന വികലമായ ഭരണഘടന ഭേദഗതിയാണ് ഇപ്പോഴെത്ത ഭരണഘടന ഭേദഗതി അനിവാര്യമാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അന്ന് പ്രതിപക്ഷം നൽകിയ മുന്നറിയിപ്പ് കേട്ടിരുന്നെങ്കിൽ, സുപ്രീംകോടതി വിധി മറികടക്കാനുള്ള ഇപ്പോഴത്തെ നീക്കം വേണ്ടിവരില്ലായിരുന്നെന്ന് കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി, ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്ന് സംവരണ നയംതന്നെ സർക്കാർ അട്ടിമറിക്കുന്ന കാര്യം മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. സംവരണ മാനദണ്ഡങ്ങളിൽ സർക്കാർ വെള്ളം ചേർക്കുകയാണെന്ന് സി.പി.എമ്മിലെ എ.എം ആരിഫ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.