സി.വി. ആനന്ദബോസ്, മമത ബാനർജി

ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നതില്‍ മമതയെ വിലക്കി ഹൈകോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ അപകീര്‍ത്തികരമോ തെറ്റായതോ ആയ പരാമര്‍ശം നടത്തുന്നതില്‍നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ ആഗസ്റ്റ് 14 വരെ കല്‍ക്കട്ട ഹൈകോടതി വിലക്കി. രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ ഭയമാണെന്ന് സ്ത്രീകള്‍ തന്നോട് പരാതിപ്പെട്ടുവെന്ന മമതയുടെ പ്രസ്താവനയ്‌ക്കെതിരെ ആനന്ദബോസ് നൽകിയ കേസിലാണ് കോടതി നടപടി സ്വീകരിച്ചത്. ജൂണ്‍ 28നാണ് ഗവർണർ മമതക്കെതിരെ കോടതിയെ സമീപിച്ചത്.

രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരി രാജ്ഭവനിലെ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം. തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തിങ്കളാഴ്ച അവർ കോടതിയില്‍ വ്യക്തമാക്കി. രാജ്ഭവനുമായി ബന്ധപ്പെട്ട ചില സംഭവങ്ങളില്‍ സ്ത്രീകളുടെ ആശങ്കകള്‍ പ്രതിഫലിപ്പിക്കുക മാത്രമാണ് മമത ചെയ്തതെന്നായിരുന്നു അഭിഭാഷകന്‍ വാദിച്ചത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്തുന്നതില്‍നിന്ന് മമത ബാനര്‍ജിയേയും പുതിയ രണ്ട് എം.എല്‍.എമാരേയും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനേയും വിലക്കണമെന്ന് അഭിഭാഷകന്‍ മുഖേന ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജ്ഭവനിലെ ഉദ്യോഗസ്ഥനെതിരെ നടന്ന അന്വേഷണം മേയിൽ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.

Tags:    
News Summary - Court restrains Mamata Banerjee from making defamatory remarks against Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.