ബാലസോർ: ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തമുണ്ടായ ബാലസോർ ശ്മശാനഭൂമിയായിരിക്കുകയാണ്. 288 പേരാണ് അപകടത്തിൽ മരിച്ചത്. ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു. പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെ വാർഡുകളിൽ പരിക്കേറ്റവരാൽ തിങ്ങി നിറഞ്ഞു. ഒഡിഷ ഇതുവരെ കാണാത്ത തരത്തിലുള്ള ദുരന്തവും ഭീകരതയുമാണ് അഭിമുഖീകരിക്കേണ്ടി വന്നത്.
ബാലസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്കാണ് അപകടത്തിൽ പെട്ട 251 പേരെ കൊണ്ടുവന്നതെന്ന് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൃദുഞ്ജയ് മിശ്ര പറഞ്ഞു. വർഷങ്ങളായി ഈ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഇതുവരെയും ഇത്തരത്തിലൊരു ദുരന്തം കണ്ടിട്ടില്ല. അപകടത്തിൽ പരിക്കേറ്റ ഏകദേശം 251 പേരെ ഞങ്ങളുടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. സത്യം പറഞ്ഞാൽ അവരെ ചികിത്സിക്കാൻ മാത്രം തയാറെടുപ്പ് ഞങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ഞങ്ങളുടെ ജീവനക്കാർ രാത്രി മുഴുവൻ പ്രവർത്തിച്ച് എല്ലാവർക്കും ചികിത്സ ലഭ്യമാക്കി. -അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലസോറിലെയും ഒഡിഷയിലെയും വിവിധ ആശുപത്രികളിൽ നിറയെ ട്രെയിൻ അപകടത്തിൽ പെട്ടവരാൽ നിറഞ്ഞിരിക്കുകയാണ്. 288 പേർ മരിക്കുകയും 1100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്ക് കുറവുള്ള യാത്രക്കാരെ മറ്റൊരു ട്രെയിനിൽ ചെന്നൈയിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രികളിൽ അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ കുറവും അനുഭവപ്പെട്ടു. പരിക്കേറ്റ ഭൂരിഭാഗം പേരെയും അഡ്മിറ്റാക്കിയ സർക്കാർ സോറോ ആശുപത്രിയിൽ ജീവനക്കാർ ഒരു വാർഡിൽ നിന്ന് അടുത്ത വാർഡിലേക്ക് അടിയന്തര സഹായത്തിനായി ഓടുന്ന കാഴ്ചകൾ ഉള്ളുലക്കുന്നതായിരുന്നു. മാത്രമല്ല, പരിക്കേറ്റവരിൽ ഭൂരിഭാഗത്തിനും ഒഡിയയും ഹിന്ദിയും അറിയുമായിരുന്നില്ല. അതും ചികിത്സക്ക് തടസമായി.
അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സാഗമൂഹികാരോഗ്യ കേന്ദ്രത്തിലും ഒന്നോ രണ്ടോ ഡോക്ടർമാർക്കപ്പുറം ജീവനക്കാരില്ല. അവരുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ സർക്കാർ ആശുപത്രിയിൽ 526 പേരാണ് അപകടത്തിൽ പരിക്കേറ്റ് എത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആളുകളുടെ ബന്ധുക്കൾ ആശുപത്രിയിൽ കയറിയിറങ്ങുന്നുണ്ട്. തിരിച്ചറഞ്ഞവരുടെ ബന്ധുക്കളാലും ആശുപത്രികളും പരിസരങ്ങളും നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങൾ ഭൂരിഭാഗവും ആരും തൊടാതെ മാറ്റിവെച്ചിരിക്കുകയാണ്.
പ്രദേശത്തെ ജില്ലാ ആശുപത്രിയിലെ ഡോ.എ സുബജിത് ഗിരി പറഞ്ഞത് ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ പോലും 100 കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നിടത്താണ് കഴിഞ്ഞ ദിവസം 500 കേസുകൾ വന്നത്. മെഡിക്കൽ വിദ്യാർഥികളോടും ഞങ്ങൾ സഹായം തേടിയിട്ടുണ്ട്. -അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സാ സഹായങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ 200 ഓളം ആംബുലൻസ് സർവീസുകളും 45 മൊബൈൽ ഹെൽത്ത് സംഘങ്ങളെയും ഏർപ്പാടാക്കിയിട്ടുണ്ട്. 50 ഡോക്ടർമാരെ കൂടുതലായി പ്രദേശത്ത് എത്തിച്ച് ചികിത്സാ നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.