ന്യൂഡൽഹി: ബാലസോറിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ അനുശോചനമറിയിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ,കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ അനുശോചനം അറിയിച്ചവരിൽ ഉൾപ്പെടുന്നു.
ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് ആശുപത്രി വിടട്ടെയെന്നും ട്വിറ്ററിലെഴുതിയ കുറിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് പറഞ്ഞു. ട്രെയിൻ ദുരന്തത്തിൽ ഒരുപാട് ആളുകൾ മരിച്ചുവെന്ന വാർത്ത ദുഃഖമുണ്ടാക്കുന്നതാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് അനുശോചനമറിയിച്ച വിവരം റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ഒഡീഷയിൽ നിന്നുള്ള ചിത്രങ്ങളും റിപ്പോർട്ടുകളും ഹൃദയം തകർക്കുന്നുവെന്നായിരുന്നു ജസ്റ്റിസ് ട്രൂഡോയുടെ പ്രതികരണം. മോശം സമയത്ത് കനേഡിയൻ ജനത ഇന്ത്യക്കൊപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന നേപ്പാൾ പ്രധാനമന്ത്രി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.
ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരണപ്പെട്ട സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. 747 പേർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 56 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.