ന്യൂഡൽഹി: പ്രഥമ സന്ദശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതിഭവനിൽ പ്രൗഢഗംഭീര വരവേൽപ്. രാഷ്ട്രപതി ദ്രൗപതി മുർമു ഒമാൻ ഭരണാധികാരിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടായിരുന്നു.
പ്രസിഡന്‍റ് ദ്രൗപതി മുർമുവിന്‍റെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദർശനത്തിന് ഒമാൻ സുൽത്താൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിന് സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
വിവിധ മേഖലകളിൽ ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടും സുൽത്താൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുൽത്താന്‍റെ സന്ദർശനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.