കുറ്റവാളികളുടെ ബന്ധുക്കളെ അന്യായമായി ഉന്നമിടുന്നു; കശ്മീർ സി.ഐ.ഡിക്കെതിരെ ഉമർ അബ്ദുല്ല

കുറ്റവാളികളുടെ ബന്ധുക്കളെ അന്യായമായി ഉന്നമിടുന്നു; കശ്മീർ സി.ഐ.ഡിക്കെതിരെ ഉമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീരിൽ കുടുംബങ്ങളെ അന്യായമായി വേട്ടയാടുന്നതിനെതിരെ നിയമസഭയിൽ കടുത്ത ആക്രമണം അഴിച്ചുവിട്ട് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ജമ്മു കശ്മീർ സി.ഐ.ഡി കുറ്റവാളികളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യം വെക്കുകയാണെന്ന് ഉമർ അബ്ദുല്ല വിമർശിച്ചു. സർക്കാർ ജോലികളോ പാസ്‌പോർട്ടുകളോ ലഭിക്കുന്നതിന് നിർബന്ധിതമായ പൊലീസ് വെരിഫിക്കേഷൻ പ്രക്രിയക്കെതിരെ കേന്ദ്രഭരണ പ്രദേശത്തിന്റെ കന്നി ബജറ്റ് സമ്മേളനത്തിൽ നിരവധി എം.എൽ.എമാരും പ്രതിഷേധിച്ചു.

ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ഭരണത്തിന് കലാപ വിരുദ്ധ ഇന്റലിജൻസ് വിഭാഗമായ സി.ഐ.ഡി ഉൾപ്പെടെ പൊലീസിനു മേൽ പൂർണ നിയന്ത്രണം ഉണ്ട്. 2019ൽ 370ാം വകുപ്പ് റദ്ദാക്കിയതിനെത്തുടർന്ന് വിയോജിപ്പുകൾ അടിച്ചമർത്തുന്നതി​ന്റെ പേരിലാണ് ഏജൻസി പ്രാധാന്യം നേടിയത്. പ്രതികാര നടപടികളുടെ ഭയം കാരണം കശ്മീരിലെ രാഷ്ട്രീയക്കാർ സി.ഐ.ഡിയെ പരസ്യമായി വിമർശിക്കുന്നത് വളരെ അപൂർവമാണ്.

‘പരിശോധനയുടെ അടിസ്ഥാനത്തിൽ ആളുകൾക്ക് ജോലി നിഷേധിക്കാൻ സി.ഐ.ഡിയെ ആയുധമാക്കുകയാണെന്ന്’ ഉമർ സഭയിൽ പറഞ്ഞു. ബന്ധു ചെയ്ത കുറ്റകൃത്യത്തിന് ആരെയും ഉത്തരവാദിയാക്കരുതെന്ന് ഫെബ്രുവരിയിൽ ജമ്മു കശ്മീർ ഹൈകോടതി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ കുറ്റകൃത്യം ചെയ്താൻ എന്റെ മകൻ ശിക്ഷിക്കപ്പെടുക എന്നത് എവിടെയും ഒരു നിയമമല്ല. എയുടെ കുറ്റകൃത്യങ്ങൾക്ക് ബിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈകോടതി ഉത്തരവ് സി.ഐ.ഡിക്കുള്ളതാണ് -ഉമർ പറഞ്ഞു.

സർക്കാർ നിയമനങ്ങൾക്കും പാസ്‌പോർട്ടുകൾക്കുമായി പശ്ചാത്തല പരിശോധനകൾ നടത്തുക എന്നതാണ് പരമ്പരാഗതമായി സി.ഐ.ഡിയുടെ ചുമതല. എന്നാൽ എൽ.ജിയുടെ ഭരണത്തിൻ കീഴിൽ, അതിന്റെ അധികാരങ്ങൾ വർധിച്ചു. വിദേശ യാത്രക്കടക്കം ജീവനക്കാർ സി.ഐ.ഡിയുടെ അനുമതി തേടണം.

നാസി ജർമ്മനിയിലെ ഗസ്റ്റപ്പോയെപ്പോലെ സി.ഐ.ഡി കശ്മീരികളെ പീഡിപ്പിക്കുന്നുവെന്ന് പി.ഡി.പി നേതാവ് ഇൽത്തിജ മുഫ്തി 2023ൽ ആരോപിച്ചിരുന്നു. 2022ൽ പുലിറ്റ്‌സർ സമ്മാനം സ്വീകരിക്കാൻ യു.എസിലേക്കുള്ള യാത്രക്കായി ഡൽഹി വിമാനത്താവളത്തിലെത്തിയ ഫോട്ടോ ജേണലിസ്റ്റ് സന്ന ഇർഷാദ് മാട്ടൂവിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. സി.ഐ.ഡിയുടെ പ്രതികൂല റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്.

Tags:    
News Summary - Omar launches rare attack on CID, warns against its 'weaponisation to target families of offenders'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.