ഹാഥറസ്​: സംസ്​കാരം രാത്രി നടത്തിയത്​ അക്രമവും സാമുദായിക സംഘർഷവുമൊഴിവാക്കാനെന്ന്​ യു​.പി സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഹാഥറസിൽ കൂട്ടബലാത്സംഗക്കൊലക്ക്​ ഇരയായ പെൺകുട്ടിയുടെ മൃതദേഹം പുലരുന്നതിന്​ മുമ്പ്​ ദഹിപ്പിച്ചു കളഞ്ഞ നടപടിയെ ന്യായീകരിച്ച്​ ഉത്തർപ്രദേശ്​ സർക്കാർ. വലിയ തോതിലുള്ള അക്രമങ്ങളും സാമുദായിക സംഘർഷവും ഒഴിവാക്കാനാണ്​ ഇരയുടെ മൃതദേഹം അർദ്ധരാത്രിയിൽ സംസ്‌കരിച്ചതെന്ന്​ ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ്​ അ​ത്തരമൊരു നടപടിയിലേക്ക്​ നീങ്ങിയതെന്നും സുപ്രീംകോടതിയിൽ നൽകിയ സർക്കാർ വ്യക്തമാക്കി. പിറ്റേ ദിവസം ബാബരി മജ്​ജിദ്​ കേസിലെ വിധി കൂടി വരാനുള്ളതിനാൽ സംസ്ഥാനം​ അതീവ ജാഗ്രതയിലാകണമെന്ന നിർദേശം ഉണ്ടായിരുന്നുവെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.

സെപ്റ്റംബർ 29ന്​ സഫ്ദർജംഗ് ആശുപത്രിക്ക്​ മുന്നിൽ ധർണ നടന്ന രീതി പ്രശ്​നം സാമുദായിക -ജാതീയ സംഘർഷത്തിലേക്കാണ്​ പോകുന്നതെന്ന സൂചന ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും പിന്തുണയുള്ള നേതാക്കൾക്കൊപ്പം ഇരയുടെയും പ്രതികളുടെയും സമുദായങ്ങൾ പ്രക്ഷോഭവുമായി അടുത്ത ദിവസം ഗ്രാമത്തിൽ ഒത്തുകൂടാൻ സാധ്യതയുണ്ടെന്നും വിവരമുണ്ടായിരുന്നു. ഇത് അക്രമാസക്തമാകാനും കലാപത്തിലേക്ക്​ എത്താനും സാധ്യതയുണ്ടെന്ന്​ വിലയിരുത്തി ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുകയാണ്​ ജില്ലാ ഭരണകൂടം ചെയ്​തതെന്നും സത്യവാങ്​മൂലത്തിൽ വിശദീകരിക്കുന്നു.

ബാബരി വിധി, കോവിഡ്​ മാനദണ്ഡങ്ങൾ എന്നിവ പരിഗണിച്ച്​ സംസ്​കാരം പെട്ടന്നാക്കണമെന്ന നിർദേശത്തിന്​ പെൺകുട്ടിയുടെ കുടുംബത്തി​െൻറ അനുമതിയുണ്ടായിരുന്നു. നിക്ഷിപ്ത താൽപര്യക്കാർ തെറ്റായ പ്രചരണം നടത്തുകയാണെന്നും സർക്കാർ ആരോപിക്കുന്നു.

കേസിൽ സി.ബി.ഐ അന്വേഷണം കോടതി മേൽനോട്ടത്തിലാകണമെന്നും സർക്കാർ സത്യവാങ്​മൂലത്തിൽ ആവശ്യപ്പെടുന്നു. കേസന്വേഷണത്തിന് നിയോഗിച്ച എസ്.ഐ.ടി സംഘം നാളെ സർക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.