ഭീതി പടർത്തരുത്, ജോഷിമഠിൽ തകർന്നത് നാലിലൊന്ന് വീടുകൾ മാത്രം -ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: മണ്ണിടിച്ചിൽ മൂലം ടൗൺ തന്നെ മുങ്ങിപ്പോകുന്ന സാഹചര്യം നേരിടുന്ന ഉത്താഖണ്ഡിലെ ജോഷിമഠിൽ നാലിലൊന്ന് വീടുകൾ മാത്രമാണ് തകർന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസത്തിനയി 1.5 ലക്ഷം രൂപ ഇന്ന് വൈകീട്ട് തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു.

700 ഓളം വീടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോഷിമഠിൽ വിള്ളൽ വീണ് തകർന്നുകൊണ്ടിരിക്കുന്നത്. 20,000 ഒളം ആളുകൾ വീടുവിട്ട് സുരക്ഷിത സ്ഥാനങ്ങൾ തേടിയിരിക്കുകയാണ്. അതേസമയം, 25 ശതമാനം കെട്ടിടങ്ങളും വീടുകളും മാത്രമാണ് തകർന്നിട്ടുള്ളതെന്നും തീർഥാടകരെ സ്വീകരിക്കാൻ സംസ്ഥാനം തയാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

ബദ്‍രീനാഥ യാത്ര തുടങ്ങാൻ പോവുകയാണ്. എന്നാൽ, ഉത്തരാഖണ്ഡിൽ വലിയ പ്രശ്നങ്ങളുണ്ടെന്നും ടൗൺ പൂർണമായും മുങ്ങിപ്പോവുകയാണെന്നുമുള്ള ധ്വനിയാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളിൽ ഭീതി പടർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ഈ സംസ്ഥാനത്ത് ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിനോട് നാം പോരാടുകയും മറികടക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്നവും മറികടക്കാൻ സഹായിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ പട്ടണങ്ങളിൽ സർവേ നടത്തി അവിടെ എത്ര ഭാരം താങ്ങാനാകുമെന്ന് പഠിക്കുകയും അതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - On Joshimath, Chief Minister's "Don't Create Fear" Appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.