ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ കലാപത്തിനിടെ ബൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ബന്ധുക്കളെയും കുഞ്ഞിനെയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാളെ സർക്കാർ വേദിയിൽ അണിനിരത്തി ബി.ജെ.പി. കോടതി ശിക്ഷിച്ച പ്രതികൾക്ക് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ ശിക്ഷാ ഇളവ് നൽകുകയും മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ മോചിപ്പിക്കപ്പെട്ട 11 കൊടുംകുറ്റവാളികളിൽ ഒരാളാണ് കഴിഞ്ഞ ദിവസം ഗുജറാത്തിൽ ഒരു സർക്കാർ പരിപാടിയിൽ ബി.ജെ.പി എം.പിക്കും എം.എൽ.എക്കുമൊപ്പം വേദി പങ്കിട്ടത്. പ്രതികളുടെ മോചനം സുപ്രീം കോടതിയിൽ ബൽക്കീസ് ബാനു ചോദ്യം ചെയ്തിട്ടുണ്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
മാർച്ച് 25 ന് ദാഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിലാണ് ഗ്രൂപ്പ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. ദഹോദ് എം.പി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എം.എൽ.എയുമായ സൈലേഷ് ഭാഭോറിനുമൊപ്പം പ്രതിയായ ശൈലേഷ് ചിമൻലാൽ ഭട്ട് സ്റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും ആണ് പുറത്തുവന്നിട്ടുള്ളത്. ചടങ്ങിൽ അവർക്കൊപ്പം കുറ്റവാളി ഫോട്ടോക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും കാണാം. ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്ത ഇരുനേതാക്കളും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ 11 പ്രതികളെ മോചിപ്പിച്ചത് രാജ്യത്തുടനീളം രോഷത്തിന് കാരണമായിരുന്നു. ബൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവളുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാ് മോചിപ്പിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ബാനുവിന്‍റെ മൂന്ന് വയസ്സുള്ള മകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.