ഗാന്ധിനഗർ: പാക് രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ഒരാൾ അറസ്റ്റിലായി. അങ്കലേശ്വർ നിവാസിയായ പ്രവീൺ മിശ്ര എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ഐ.എസ്.ഐക്കു വേണ്ടി ഇന്ത്യൻ സായുധ സേനയെയും പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളെയും കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിച്ചുവെന്നാണ് ഇയാൾക്കെതിരായ ആരോപണം. ഐ.എസ്.ഐ ഏജന്‍റ് സ്ത്രീയായി ചമഞ്ഞ് നടത്തിയ ഹണി ട്രാപ്പിൽ അകപ്പെടുകയായിരുന്നു പ്രവീൺ എന്ന് ഗുജറാത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്‍റ് പറയുന്നു.
ഡി.ആർ.ഡി.ഒയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിൽ ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന പ്രവീൺ മിശ്രയെ ഹണി ട്രാപ്പിൽ പെടുത്തുകയായിരുന്നു. ചണ്ഡീഗഢിൽ ഐ.ബി.എമ്മിൽ ജോലി ചെയ്യുന്ന സോനാൽ ഗാർഗ് എന്ന യുവതിയാണെന്ന് പറഞ്ഞാണ് ഐ.എസ്.ഐ ഏജന്‍റ് ഇയാളെ കബളിപ്പിച്ചത്. ഇന്ത്യൻ വാട്സ്ആപ്പ് നമ്പറിലൂടെയും വ്യാജ ഫേസ്ബുക്ക് ഐ.ഡിയിലൂടെയുമായി പ്രവീണുമായി ബന്ധപ്പെട്ടിരുന്നത്. ചില പ്രധാന വിവരങ്ങൾ ഇയാൾ കൈമാറിയെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്‍റ് അറിയിച്ചു.
ഡി.ആർ.ഡി.ഒ നിർമ്മിച്ച ഡ്രോണുകളുടെ വിശദാംശങ്ങൾ കൈമാറിയ വിവരങ്ങളിലുണ്ട്. മിശ്രയുടെ ഓഫീസ് സെർവറിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.