അഹമ്മദാബാദ്: രാമനവമി ദിനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെ ഗുജറാത്തിലെ രണ്ട് നഗരങ്ങളിൽ വർഗീയ സംഘർഷം. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.
സബർകാന്ത ജില്ലയിലെ ഹിമ്മത്‌നഗർ നഗരത്തിൽ നടന്ന പരിപാടിക്കിടെയിലും സംഘർഷമുണ്ടായതായി റിപ്പോർട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും കല്ലേറും തീവെപ്പും ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
65 വയസ് പ്രായം വരുന്ന അജ്ഞാതന്റെ മൃതദേഹം ഖംഭാട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ടന്‍റ് അജിത് രാജ്യൻ അറിയിച്ചു. ഏതാനും കടകൾ അക്രമികൾ അഗ്നിക്കിരയാക്കിയിട്ടുണ്ട്. കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും എസ്.പി അറിയിച്ചു.
ഹിമ്മത് നഗറിൽ ഉണ്ടായ സംഘർഷത്തിൽ വാഹനങ്ങൾ തകർക്കപ്പെടുകയും കടകൾ അഗ്നിക്കിരയാക്കുകയും ചെയ്തെന്ന് സബർകാന്ത പൊലീസ് സൂപ്രണ്ടന്‍റ് വിശാൽ വഗേല പറഞ്ഞു. സംഘർഷ പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.