ന്യൂഡൽഹി: 'ബുള്ളി ബായ്' എന്ന വിദ്വേഷ ആപ് ഉണ്ടാക്കി മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച കേസിൽ 21കാരൻ അറസ്റ്റിൽ. മായങ്ക് റാവൽ എന്ന വിദ്യാർഥിയെയാണ് ഉത്തരാഖണ്ഡിൽ നിന്ന് മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്.
നേരത്തെ ഉത്തരാഖണ്ഡിൽ നിന്നുള്ള മുഖ്യപ്രതി ശ്വേത സിങ് (18), ബംഗളൂരുവിലെ എൻജിനീയറിങ് വിദ്യാർഥി വിശാൽ കുമാർ ഝാ (21) എന്നിവരെ മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിറ്റ് ഹബിൽ 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് മുംബൈ പൊലീസ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഗിയു എന്ന് വിളിക്കപ്പെടുന്ന നേപ്പാളിലുള്ള സുഹൃത്തിന്‍റെ നിർദേശപ്രകാരമാണ് മുഖ്യപ്രതിയായ ശ്വേത സിങ് പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ആപ്പിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് യുവതിക്ക് എല്ലാ നിർദ്ദേശങ്ങളും നൽകിയിരുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു.
ഉത്തരാഘണ്ഡിലെ ഉദ്ദം സിങ് നഗർ ജില്ലയിൽ നിന്നാണ് ശ്വേത സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ അറസ്റ്റിലായ വിശാൽ കുമാറാണ് യുവതിയുടെ പേര് വെളിപ്പെടുത്തിയത്. ബുള്ളി ബായ് ആപ്പിലെ പോസ്റ്റുകളും പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നതും ആളുകളുമായി ബന്ധപ്പെട്ടിരുന്നതും യുവതിയാണെന്നാണ് വിശാൽ വെളിപ്പെടുത്തിയത്. ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് യുവതിക്ക് മൂന്ന് അക്കൗണ്ടുകളാണ് ഗിറ്റ് ഹബിൽ ഉണ്ടായിരുന്നത്. ശ്വേത സിങ്ങിനെ ജനുവരി അഞ്ച് വരെ ട്രാൻസിറ്റ് റിമാൻഡിൽ നൽകണമെന്ന് മുംബൈ പൊലീസ് ഉത്തരാഖണ്ഡ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.