ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സാധ്യത പഠിക്കാൻ കമ്മിറ്റി രൂപവത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം. രാജ്യത്തിന്റെ ഫെഡറൽ ഘടനക്ക് പുതിയ നീക്കം വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സർക്കാർ നീക്കമാണിതെന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സ്വേച്ഛാധിപത്യ സർക്കാറിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചതായും ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് നിരന്തരം പറയുന്ന നരേന്ദ്ര മോദിക്ക് മറ്റു രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യാതെ എങ്ങനെയാണ് ഏകപക്ഷീയ തീരുമാനമെടുക്കാനാവുകയെന്ന് സി.പി.ഐ നേതാവ് ഡി. രാജ ചോദിച്ചു. ഇൻഡ്യ സഖ്യത്തിനു കീഴിലുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യം കണ്ട് ഭരണകക്ഷിയിലുണ്ടായ പരിഭ്രാന്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് പ്രിയങ്ക കക്കർ പറഞ്ഞു. ‘‘ആദ്യം അവർ പാചകവാതക വില 200 രൂപ കുറച്ചു. ഇപ്പോൾ ഭരണഘടന ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കില്ലെന്ന് അവർക്കുതന്നെ മനസ്സിലായി’’ -കക്കർ കൂട്ടിച്ചേർത്തു. ഇൻഡ്യ സഖ്യത്തെ ബി.ജെ.പി ഭയക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ശ്രമിക്കുന്നതെന്ന് ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
ക്രമക്കേടുകളില്ലാത്ത തെരഞ്ഞെടുപ്പെന്ന ന്യായമായ ആവശ്യത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടു. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ നീക്കമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.
അതേസമയം, സർക്കാർ നീക്കത്തോട് ആർ.എസ്.എസിന് അനുകൂല സമീപനമാണെന്നാണ് സൂചന. ഇടക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പുകൾക്കായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നതുമൂലം വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണെന്നും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് പൊതുപണവും സമയവും ലാഭിക്കാൻ സഹായിക്കുമെന്നും ആർ.എസ്.എസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.