ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21ആയി ഉയർത്താനുള്ള ബിൽ പരിശോധിക്കുന്ന 31 അംഗ പാർലമെന്‍ററി പാനലിൽ ഒരു വനിത മാത്രം. ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ശൈശവ വിവാഹനിരോധ (ഭേദഗതി) ബിൽ, പാർലമെന്‍റിന്‍റെ വിദ്യാഭ്യാസ, വനിത, ശിശു, യുവ, കായിക സ്ഥിരം സമിതിക്ക് വിട്ടിരുന്നു. വനിത-ശിശു വികസന മന്ത്രാലയമാണ് ബിൽ അവതരിപ്പിച്ചത്.
മുതിർന്ന ബി.ജെ.പി നേതാവ് വിനയ് സഹസ്രബുദ്ധെ അധ്യക്ഷനായ സമിതിയിലെ ഏക വനിത അംഗം തൃണമൂൽ കോൺഗ്രസ് എം.പിയായ സുഷ്മിത ദേവാണ്. സമിതിയിൽ കൂടുതൽ വനിതകളുണ്ടാകുന്നതായിരുന്നു അഭികാമ്യമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സുഷ്മിത ദേവ് മറുപടി പറഞ്ഞത്. ''സമിതിയിൽ കൂടുതൽ വനിതകളുണ്ടായിരുന്നെങ്കിൽ നന്നായേനെ. എന്നിരുന്നാലും എല്ലാ വിഭാഗത്തിനും പറയാനുള്ളത് സമിതി കേൾക്കും'' -സുഷ്മിത പറഞ്ഞു.
സ്ത്രീകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം പരിശോധിക്കുന്ന സമിതിയിൽ സ്ത്രീകൾ ഇനിയും വേണ്ടതായിരുന്നുവെന്ന് സുപ്രിയ സുലെ എം.പിയും അഭിപ്രായപ്പെട്ടു. കൂടുതൽ പേരെ ക്ഷണിച്ച് അഭിപ്രായം കേൾക്കാൻ സമിതി അധ്യക്ഷന് അധികാരമുള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടുകൾ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
വിവാഹപ്രായം ഉയർത്താൻ കേന്ദ്രസർക്കാറിന് ശിപാർശ ചെയ്ത സമിതിയുടെ അധ്യക്ഷ ജയ ജെയ്റ്റിലിയും ഇക്കാര്യം എടുത്തുപറഞ്ഞു. 50 ശതമാനം അംഗങ്ങളെങ്കിലും വനിതകളായിരുന്നു വേണ്ടിയിരുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. സാധ്യമെങ്കിൽ സമിതിയിലെ തങ്ങളുടെ പുരുഷ അംഗങ്ങളെ പിൻവലിച്ച് വനിതകളെ ഉൾപ്പെടുത്താൻ പാർട്ടികൾ ശ്രമിക്കണമെന്നും അവർ അഭ്യർഥിച്ചു.
ബിൽ നിയമമായാൽ വിവിധ വ്യക്തിനിയമങ്ങളെ മറികടന്ന് എല്ലാ സമുദായങ്ങൾക്കും ബാധകമാവുന്ന അവസ്ഥയാണുണ്ടാവുക എന്നതിനാൽ ഇത് മൗലികാവകാശ ലംഘനമാവുമെന്ന് വ്യാപകമായി വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.