ന്യൂഡൽഹി: 2019 ലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവു ശിക്ഷ വിധിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത് ആശങ്കക്ക് വഴിവെക്കുന്ന വിധിയാണ്. ജനങ്ങൾ മോദി എന്ന കുലനാമം ഉച്ഛരിച്ചാൽ പോലും അത് അപകീർത്തിക്കേസിന് വിഷയമാകുന്നു. - കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഈ കേസിനു പിനിലെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
‘പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ബി.ജെ.പി ഇതര പാർട്ടികളുടെ നേതാക്കൻമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഗൂഢാലോചനയുണ്ട്. എനിക്ക് രാഹുൽ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹത്തെ അപകീർത്തിക്കേസിൽ കുടുക്കുക എന്നത് ശരിയല്ല. കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ വിധിയെ അംഗീകരിക്കുന്നില്ല’ - കെജ്രിവാൾ വ്യക്തമാക്കി.
ഗുജറാത്തിലെ സൂറത്തിലുള്ള കോടതിയാണ് രാഹുലിന് രണ്ടു വർഷം തടവു ശിക്ഷ വിധിച്ചത്. മോദി എന്ന സർനെയിം സംബന്ധിച്ച് രാഹുൽ ഗാന്ധി ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. കേസിൽ ശിക്ഷ വിധിച്ചെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകുകയും അപ്പീലിന് അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വിഷയത്തിൽ രാഹുൽ തന്നെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിജിയുടെ വചനങ്ങൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ‘സത്യവും അഹിംസയുമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിസംയാണ് അതിലേക്കെത്താനുള്ള വഴി’ - രാഹുൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.