ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളിലും വിദ്വേഷ പ്രസംഗങ്ങളിലും കടുത്ത ഉത്ക്കണ്ഠ അറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. ഭക്ഷണവും വസ്ത്രവും വിശ്വാസവും ആഘോഷങ്ങളുമടക്കം സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഭരണകൂടത്തിന്റെ നടപടികളിൽ 13 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.
വർഗീയ സംഘർഷങ്ങൾ വർധിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. 'വാക്കുകൾ കൊണ്ടും പ്രവൃത്തികൊണ്ടും സമൂഹത്തിൽ വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ ചെറുവിരലനക്കാതിരിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിൽ ഞങ്ങൾക്ക് ഞെട്ടലുണ്ട്. ആയുധധാരികളായ ജനക്കൂട്ടത്തിന് ഔദ്യേഗിക സംരക്ഷണം കിട്ടുന്നത് ഇത്തരം നിശ്ശബ്ദതയിലൂടെയാണ്' -പ്രസ്താവനയിൽ വ്യക്തമാക്കി.
'സമൂഹത്തിലെ വൈവിധ്യം തകർക്കാൻ ശ്രമിക്കുന്ന വിഷലിപ്തമായ ചിന്താധാരകൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. സാമുദായിക ധ്രുവീകരണത്തിനെതിരെ എല്ലാവരും ജാഗരൂകരായിരിക്കണം. രാജ്യത്ത് ശാന്തിയും സമാധാനവും നിലനിർത്താൻ ഞങ്ങളുടെ എല്ലാ പാർട്ടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു'-പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഝാർഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.