ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തു നിൽക്കുന്ന വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യ തലസ്ഥാനത ്ത് സഖ്യ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എ മുന്നണിക്ക് അനുകൂലമാ യെങ്കിലും ബി.ജെ.പി വിരുദ്ധ കക്ഷികളെ കൂട്ടിച്ചേർത്ത് എൻ.ഡി.എയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എൻ.സി.പി നേതാവ് ശരത് പവാർ.
ഇതിൻെറ ഭാഗമായി വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി, തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഇവരുമായി അദ്ദേഹം നിരന്തരമായി ഫോണിലും ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്.
കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണിക്ക് അവരുടെ സഹകരണത്തോടെ സുസ്ഥിര സർക്കാർ രൂപീകരിക്കാനുള്ള അവസരമുണ്ടായാൽ നവീൻ പട്നായിക്കും ചന്ദ്രശേഖര റാവുവും ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പായും ലഭിക്കുമെന്നാണ് ശരത്പവാർ വിശ്വസിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബി.എസ്.പി അധ്യക്ഷ മായാവതി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയ ചന്ദ്രബാബു നായിഡുവുമായും ശരത് പവാർ ബന്ധപ്പെട്ടിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ എന്നിവരുമായി ചൊവ്വാഴ്ച ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. 543 സീറ്റുകളിൽ എൻ.ഡി.എക്ക് 300ഉം കോൺഗ്രസിനും സഖ്യകക്ഷികൾക്കും കൂടി 122ഉം മറ്റുള്ളവർക്ക് 114ഉം സീറ്റുകളാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.