ഇംഫാൽ: മണിപ്പൂരിൽ ക്രമസമാധാനം സമ്പൂർണമായി തകർന്നിട്ടും പ്രധാനമന്ത്രി തുടരുന്ന മൗനം നാണംകെട്ട അനാസ്ഥയാണ് തെളിയിക്കുന്നതെന്ന് ഗവർണർ അനുസൂയ ഉയ്കെക്കു മുന്നിൽ ‘ഇൻഡ്യ’ പ്രതിപക്ഷ എം.പിമാരുടെ സംഘം. രണ്ടു ദിവസത്തെ സന്ദർശനത്തിന് മണിപ്പൂരിലെത്തിയ 21 അംഗ സംഘം ഗവർണർക്കു സമർപ്പിച്ച നിവേദനത്തിലാണ് കേന്ദ്രത്തിന് രൂക്ഷവിമർശനം.
89 ദിവസമായി സംസ്ഥാനത്തെ ക്രമസമാധാനനില അപകടകരമാംവിധം തകർന്നുകിടക്കുകയാണ്. ഈ വിഷയം കേന്ദ്രസർക്കാറിനെ ബോധ്യപ്പെടുത്തി സമാധാനവും സാധാരണ നിലയും തിരികെയെത്തിക്കാൻ സഹായിക്കണം. വെടിയൊച്ചകളും വീടിന് തീവെപ്പും തുടരുന്നത് സംസ്ഥാന സർക്കാർ സംവിധാനം പൂർണമായി തകർന്നതായി തെളിയിക്കുന്നുവെന്നും എം.പിമാർ നിവേദനത്തിൽ പറഞ്ഞു.
140 ലേറെ പേർ മരിക്കുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 5000 വീടുകൾ തകർക്കപ്പെട്ടു. 60,000 ലേറെ പേർക്ക് വീടുവിട്ടോടേണ്ടിവന്നു. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നത് മണിപ്പൂർ സംഘർഷത്തിൽ അദ്ദേഹത്തിന്റെ നാണംകെട്ട ഉദാസീനതയാണ് കാണിക്കുന്നത്’’- നിവേദനം കുറ്റപ്പെടുത്തി. 21 എം.പിമാർ ‘മണിപ്പൂർ കി ബാത്’ സംസാരിക്കുമ്പോൾ തന്റെ ശബ്ദം മാത്രം കേൾക്കുകയും ‘മൻ കി ബാത്’ കോടിക്കണക്കിന് ആളുകൾക്കുമേൽ അടിച്ചേൽപിക്കുകയും ചെയ്യുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്ന് ജയ്റാം രമേശ് പറഞ്ഞു.
21 അംഗ എം.പിമാർ രണ്ടു സംഘമായി തിരിഞ്ഞ് കുക്കി ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂരിലും മെയ്തേയി ഭൂരിപക്ഷമുള്ള ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഉച്ചക്കു ശേഷം മടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യം പരമദയനീയമാണെന്നും കുട്ടികൾ അടിയന്തര പരിചരണം ആവശ്യപ്പെടുന്നുണ്ടെന്നും സംഘം പിന്നീട് പറഞ്ഞു. വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. മൂന്നു മാസമായ ഇന്റർനെറ്റ് വിലക്ക് ഊഹാപോഹങ്ങൾ പരത്താനിടയാക്കുന്നു. അവിശ്വാസം കൂടുതൽ ഗുരുതരമാക്കുന്നതാണ് ഈ നടപടി. സംസ്ഥാനത്ത് സമാധാനം തിരികെയെത്തിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ‘ഇൻഡ്യ’ സംഘം ഗവർണറോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.