ന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളും കലാപ ബാധിത പ്രദേശങ്ങളും സന്ദർശിച്ച് ജനങ്ങളുടെ ദുരിതങ്ങൾ ഗവർണർ അനുഷ്യ ഉയിക്യയുമായി പങ്കുവെച്ച് ‘ഇൻഡ്യ’ സഖ്യത്തിലെ എം.പിമാർ ഡൽഹിയിൽ തിരിച്ചെത്തി.ചൂരാചന്ദ്പുർ, മൊയ്റാങ്, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച എം.പിമാർ വിശദീകരിക്കാൻ കഴിയാത്ത സങ്കടകരമായ അനുഭവങ്ങളുമായാണ് തിരികെ എത്തിയത്.
മൂന്നുമാസമായി മണിപ്പൂർ ഒറ്റപ്പെട്ടു കിടക്കുകയാണെന്നും ഇന്റർനെറ്റോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്നും ക്യാമ്പുകളിലെ സാഹചര്യങ്ങൾ നരകതുല്യമാണെന്നും എം.പിമാർ പറഞ്ഞു.പല ക്യാമ്പുകളിലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ല. ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നു. ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ടത് പരസ്പരം അങ്കംവെട്ടിക്കൊണ്ടിരിക്കുന്ന ജനങ്ങളെ യോജിപ്പിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിനാണെന്ന് എം.പിമാർ ഒരേ സ്വരത്തിൽ പറഞ്ഞു.മണിപ്പൂരിലേക്കുപോയ പ്രതിപക്ഷത്തിന്റെ പാർലമെന്ററി പ്രതിനിധി സംഘത്തിലെ കേരളത്തിൽ നിന്നുള്ള എം.പിമാർ അവരുടെ അനുഭവം ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
ജീവനും കൊണ്ട് ഓടിപ്പോന്നവർക്ക് സ്വന്തം കിടപ്പാടങ്ങളിലേക്ക് മടങ്ങിപ്പോകാൻ സാധിക്കാത്ത സാഹചര്യമാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കുറ്റകരമായ അനാസ്ഥയും പക്ഷം ചേർന്നുള്ള നടപടികളുമാണ് കാര്യങ്ങൾ വഷളാക്കിയത്. പ്രധാനമന്ത്രി മൗനം തുടരുന്നതും പാർലമെന്റിൽ മണിപ്പൂരിനെ കുറിച്ച് പറയേണ്ട നേരത്ത് അദ്ദേഹം സഭയിലേ വരാതിരിക്കുന്നതും അവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ, പ്രത്യേകിച്ചും കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകളിൽ സർക്കാറിനെ കാണാനേയില്ല. ഒരു രൂപയുടെ സഹായംപോലും സർക്കാർ നൽകിയില്ലെന്ന് സന്നദ്ധ സംഘടനകളുടെ മാത്രം സഹായത്തോടെ പ്രവർത്തിക്കുന്ന കുക്കി ക്യാമ്പുകൾ പറയുന്നു.സന്ദർശിച്ച മെയ്തേയി വിഭാഗത്തിന്റെ രണ്ട് ക്യാമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. മെയ്തേയി വിഭാഗക്കാരനായ മുഖ്യമന്ത്രി ഈ രണ്ട് ക്യാമ്പുകൾ ഇതുവരെ സന്ദർശിച്ചിട്ടുമില്ല.
ഇരുവിഭാഗവുമായി ഒരുമിച്ചിരുന്ന് സംസാരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. കേന്ദ്രത്തിൽനിന്ന് നൽകുന്ന നിർദേശമനുസരിച്ചുമാത്രം പ്രവർത്തിക്കുന്ന മണിപ്പൂർ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വേണ്ടരീതിയിൽ ഭക്ഷണം നൽകാനോ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താനോ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.