ന്യൂഡൽഹി: ഡിസംബർ 13ന് പാർലമെന്റിലുണ്ടായ അതിക്രമത്തിന് കാരണമായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര സർക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് അന്നു മുതൽ പ്രതിപക്ഷം ഇരുസഭകളിലും നടത്തുന്ന പ്രതിഷേധം തിങ്കളാഴ്ചത്തെ കൂട്ട സസ്പെൻഷനോടെ വഴിത്തിരിവിലെത്തി.
പ്രതിപക്ഷത്തുനിന്ന് ശബ്ദമുയർത്തുന്ന ഏതാണ്ടെല്ലാ നേതാക്കളെയും സസ്പെൻഡ് ചെയ്തതോടെ ഇരുസഭകളിലും കേന്ദ്ര സർക്കാറിന് സ്വന്തം അജണ്ടകളുമായി ഏകപക്ഷീയമായി മുന്നോട്ടുപോകാനാകും.
ഇരുസഭകളിലും സർക്കാറിനെ എതിർക്കുന്ന പ്രതിപക്ഷകക്ഷികളിൽ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. ശബ്ദമുയർത്തുന്നവർ ഏതാണ്ടെല്ലാം പുറത്തായതോടെ പ്രതിപക്ഷതന്ത്രം ഇനിയെന്ത് എന്ന ചോദ്യം ബാക്കി. ലോക്സഭയിൽ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവായ അധിർ രഞ്ജൻ ചൗധരി, പ്രതിപക്ഷപാർട്ടികളുടെ കക്ഷി നേതാക്കളായ ടി.ആർ. ബാലു (ഡി.എം.കെ), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), രാജ്യസഭയിൽ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളായ രാം ഗോപാൽ യാദവ് (എസ്.പി), മനോജ് കുമാർ ഝാ (ആർ.ജെ.ഡി), ജോസ് കെ. മാണി (കേരള കോൺഗ്രസ്- എം), ഇരുസഭകളിലുമായി മുൻ കേന്ദ്രമന്ത്രിമാരായ ദയാനിധി മാരൻ, എ. രാജ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ എന്നിവരെയെല്ലാം സസ്പെൻഡ് ചെയ്തു.
ജനങ്ങളുടെ ശബ്ദം പാർലമെന്റിലുയർത്തുന്ന പ്രതിപക്ഷത്തെ അടിച്ചമർത്താൻ മാത്രമായി പാർലമെന്റ് മാറിയിരിക്കുകയാണെന്നും അതിന്റെ ദൃഷ്ടാന്തമാണ് കൂട്ട സസ്പെൻഷനെന്നുമാണ് നടപടിക്കിരയായ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചത്. പ്രതിപക്ഷമില്ലാതെ സുപ്രധാന ബില്ലുകൾ പാസാക്കാനാണ് എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്യുന്നതെന്ന് നടപടിക്കിരയായ കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി.
നീതി വേണമെന്ന പ്രതിപക്ഷ എം.പിമാരുടെ മുദ്രാവാക്യം മുറവിളികൾക്കിടയിലാണ് ഇരുസഭകളും കൂട്ട സസ്പെൻഷൻ നടത്തി ചൊവ്വാഴ്ച രാവിലെ 11 മണി വരെ പിരിയുന്നതായി സഭാധ്യക്ഷന്മാർ പ്രഖ്യാപിച്ചത്.
സസ്പെൻഷനിലായ എം.പിമാർ രാജ്യസഭയിൽനിന്നിറങ്ങിവന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യകവാടമായ ‘ഗരുഡ ദ്വാറി’ൽ പ്രതിഷേധവുമായി കുത്തിയിരിപ്പ് നടത്തുകയും ചെയ്തു. പുതിയ സുരക്ഷാക്രമീകരണങ്ങൾ മൂലം അത് പകർത്താൻ മാധ്യമങ്ങൾക്കായില്ല. പാർലമെന്റ് മന്ദിരത്തിന്റെ പുറത്തുള്ള പ്രതിഷേധചിത്രങ്ങളും വിഡിയോകളും സ്വന്തം നിലക്ക് മൊബൈലിൽ പകർത്തി മാധ്യമങ്ങൾക്ക് അയച്ചുകൊടുക്കേണ്ട നിസ്സഹായതയിലാണ് പ്രതിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.