ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ പാർട്ടികൾ.
ഇതു സംബന്ധിച്ച് ചർച്ച ചെയ്യാനായി എൻ.സി.പി. നേതാവ് ശരത് പവാർ വിളിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, സ്വതന്ത്ര അംഗം കബിൽ സിബൽ, സമാജ്‍വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ്, ശിവ സേന (താക്കറെ പക്ഷം) അംഗം അനിൽ ദേഷൈ, ബി.ആർ.എസ് അംഗം കെ. കേശവ് റാവു എന്നിവർ പങ്കെടുത്തു. ത്രിണമൂൽ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല.
ഇ.വി.എം സംബന്ധിച്ച് ചില ചോദ്യങ്ങൾ ഉന്നയിച്ചതായും അതിന് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകുമെന്നാണ് പ്രതീക്ഷയെന്നും യോഗ ശേഷം പവാർ മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തര കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യാൻ വിദൂര നിയന്ത്രിത വോട്ടുയന്ത്രം അഥവാ റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം പ്രതിപക്ഷ കക്ഷികൾ ഐക്യകണ്ഠേന തള്ളിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മറ്റ് രാജ്യങ്ങളിലൊന്നും ഇ.വി.എം ഉപയോഗിക്കുന്നില്ലെന്നും പിന്നെന്തിനാണ് ഇന്ത്യയിൽ ഇത് ഉപയോഗിക്കുന്നതെന്നും കബിൽ സിബൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.