ന്യൂഡൽഹി: 12 അംഗങ്ങളുടെ സസ്പെൻഷനെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോഴും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിനെ ചൊല്ലി പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഭിന്നത. ഈ അഭിപ്രായവ്യത്യാസം രാജ്യസഭക്ക് അകത്തും പുറത്തും പ്രതിഫലിച്ചു. പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലിറങ്ങിയപ്പോൾ തൃണമൂൽ കോൺഗ്രസ് കേന്ദ്ര സർക്കാറുമായി പൂർണമായും സഹകരിച്ചു. സഭക്ക് അകത്ത് പ്രതിഷേധത്തിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മാർച്ചിൽ പങ്കെടുക്കാതെ തനിച്ച് പാർലമെൻറിലേക്ക് മടങ്ങി.
12 പേരെ പുറത്തിരുത്തി ഇത്രയും നാൾ രാജ്യസഭ നടത്താൻ അനുവദിക്കുന്നത് ഡി.എം.കെ നേതാവ് തിരുച്ചി ശിവ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ചോദ്യം ചെയ്തപ്പോൾതന്നെ പ്രതിപക്ഷത്തിനിടയിലെ ഭിന്നത പ്രകടമായിരുന്നു. മുതിർന്ന നേതാക്കൾ നിരവധി തവണ അഭ്യർഥിച്ചിട്ടും കേരളത്തിൽ നിന്നുള്ളവരടക്കം പല പ്രതിപക്ഷ എം.പിമാരും നടുത്തളത്തിലിറങ്ങാനോ മുദ്രാവാക്യം വിളിക്കാനോ തയാറായില്ല.
കോൺഗ്രസിെൻറ കെ.സി. വേണുഗോപാലും സി.പി.എമ്മിെൻറ ഡോ. വി. ശിവദാസും ശിവസേന നേതാവ് സഞ്ജയ് റാവത്തും ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്ങും അടക്കം 30ാളം പേർ തുടക്കം മുതൽ നടുത്തളത്തിലേക്ക് വന്നുവെങ്കിലും മറ്റുള്ളവർ സ്വന്തം ഇരിപ്പിടങ്ങളിൽതന്നെ ഇരുന്നു. നടുത്തളത്തിലിറങ്ങാതെ ഇരിപ്പിടത്തിൽനിന്ന് മാറിനിന്ന് സഭക്കുള്ളിൽ പ്രതിഷേധിച്ച ജയറാം രമേശ് സഭ സ്തംഭിപ്പിച്ച എം.പിമാർക്കൊപ്പം ഗാന്ധിപ്രതിമക്ക് മുന്നിൽ വന്നെങ്കിലും സംയുക്ത മാർച്ചിൽ പങ്കെടുത്തില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മാർച്ച് പോയിക്കഴിഞ്ഞ ശേഷം തനിച്ച് പാർലമെൻറിലേക്ക് മടങ്ങിയ ജയറാം രമേശിനോട് എന്തുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് രണ്ടു മണിക്ക് സഭക്കുള്ളിൽ പ്രതിഷേധമുണ്ടെന്നായിരുന്നു മറുപടി.
പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്ന തൃണമൂൽ സഭ നടത്തിപ്പിൽ സർക്കാറുമായി സഹകരിച്ചു. മുതിർന്ന തൃണമൂൽ നേതാക്കളായ സുഖേന്ദുശേഖർ റോയ്, നദീമുൽ ഹഖ് തുടങ്ങിയ തൃണമുൽ എം.പിമാർ ശൂന്യവേളയിൽ വിവിധ വിഷയങ്ങളുന്നയിക്കുകയും ചെയ്തു. തൃണമൂലിെൻറ സഭാ നേതാവ് ഡെറിക് ഒബ്റേൻ സഭയിൽ ഹാജരുണ്ടായിരുന്നുമില്ല. പ്രതിപക്ഷവുമായി സഹകരിക്കുന്ന എസ്.പിയും സഹകരിക്കാത്ത ബി.എസ്.പിയും ശൂന്യവേള നടത്തുന്നതിൽ സർക്കാറുമായി സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.