ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിന്‍റെ ഇരുസഭകളിലും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച എം.പിമാർ കേന്ദ്ര സർക്കാറിനെതിരെ പ്ലക്കാർഡ് ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിച്ച ശേഷം നടത്തുന്ന ആദ്യ പ്രതിഷേധ പരിപാടിയാണിത്.
അതേസമയം, മണിപ്പൂർ വിഷയം ലോക്സഭയും രാജ്യസഭയും ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ ചർച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ, പ്രതിപക്ഷ ആവശ്യം തള്ളിയ ഭരണപക്ഷം രാജസ്ഥാനിലെ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.
മണിപ്പൂർ കലാപം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രതിഷേധം പാർലമെന്‍റ് സ്തംഭനത്തിൽ കലാശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.