ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പരാമർശം ആയുധമാക്കി പ്രതിപക്ഷം. ആർ.എസ്.എസ് പോലും മോദിക്ക് വില കൽപിക്കുന്നില്ല, പിന്നെ മറ്റുള്ളവരെന്തിന് നൽകണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. അഹങ്കാരികളായ ബി.ജെ.പിക്കാരെ ആർ.എസ്.എസ് അധികാരത്തിൽനിന്ന് പുറത്താക്കുമെന്നാണ് വിശ്വാസമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ആർ.എസ്.എസ് മോദിയുമായും ബി.ജെ.പിയുമായും ബന്ധം ഉപേക്ഷിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ഇന്ദ്രേഷ് കുമാർ പറഞ്ഞത് പാതി സത്യമെന്ന് പ്രതികരിച്ച ആർ.ജെ.ഡി, ഇൻഡ്യ സഖ്യത്തെ രാമന്റെ ശത്രുപക്ഷമാക്കാനുള്ള ശ്രമം തെറ്റാണെന്നും പറഞ്ഞു.
ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന വിവാദമായതോടെ സമൂഹ മാധ്യമങ്ങളിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും ബി.ജെ.പി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചിരുന്നു. മഹാരാഷ്ട്രയിലേറ്റ കനത്ത തോൽവിക്ക് കാരണം എൻ.സി.പി (അജിത് പവാർ) കൂട്ടുകെട്ടാണെന്നും ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ വിമർശിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലടക്കം കനത്ത സീറ്റ് നഷ്ടം നേരിട്ട ബി.ജെ.പി 240 സീറ്റിൽ ഒതുങ്ങി. ജെ.ഡി.യു, ടി.ഡി.പി പിന്തുണയോടെയാണ് സർക്കാർ രൂപവത്കരിച്ചത്. അയോധ്യ ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലടക്കം കനത്ത തോൽവിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി ആർ.എസ്.എസ് നേതൃത്വം പരസ്യവിമർശനവുമായി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.