ജനകീയ വിഷയങ്ങൾ പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ബുധനാഴ്ച തുടങ്ങുന്ന ശീതകാല പാർലമെന്‍റ് സമ്മേളനത്തിൽ സർക്കാറിന്‍റെ കാര്യപരിപാടികൾ ശാന്തമായ അന്തരീക്ഷത്തിൽ നടത്തിയെടുക്കാൻ വിളിച്ച സർവകക്ഷി യോഗത്തിൽ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് പ്രതിപക്ഷം. ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന്‍റെ അകമ്പടിയോടെയാവും പാർലമെന്‍റ് സമ്മേളനമെന്ന് ഇതോടെ ഉറപ്പായി.

വിലക്കയറ്റം, തൊഴിലില്ലായ്മ, അതിർത്തി വിഷയം, മുന്നാക്ക സംവരണം, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമനിർമാണം, രൂപയുടെ മൂല്യത്തകർച്ച, ഉയർന്ന ജി.എസ്.ടി നിരക്ക് തുടങ്ങിയ വിഷയങ്ങൾ സഭ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, എൻ.സി.പി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, സഭാ ചട്ടങ്ങൾക്ക് അനുസൃതമായി വിഷയങ്ങൾ പരിഗണിക്കാമെന്നായിരുന്നു സർക്കാർ നിലപാട്.

വനിത സംവരണ ബിൽ ശീതകാല സമ്മേളനത്തിൽ പാസാക്കണമെന്ന് ബി.ജെ.ഡി ആവശ്യപ്പെട്ടു. ജനസംഖ്യ നിയന്ത്രണ ബിൽ പാസാക്കണമെന്നായിരുന്നു ശിവസേന ഷിൻഡെ വിഭാഗത്തിന്‍റെ ആവശ്യം. സുഗമമായ സഭാ നടത്തിപ്പിന് എല്ലാ പാർട്ടികളുടെയും സഹകരണം വേണമെന്ന്, അധ്യക്ഷത വഹിച്ച ലോക്സഭ ഉപനേതാവും കേന്ദ്രമന്ത്രിയുമായ രാജ്നാഥ്സിങ് അഭ്യർഥിച്ചു. 30ൽപരം പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ഡിസംബർ 29 വരെയാണ് ശീതകാല സമ്മേളനം. 17 ദിവസത്തെ സമ്മേളന കാലത്ത് ദേശീയ ദന്ത കമീഷൻ ബിൽ, നഴ്സിങ്-മിഡ്വൈഫറി കമീഷൻ ബിൽ തുടങ്ങി 16 ബില്ലുകൾ സഭയിൽ കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്. ജൈവവൈവിധ്യ നിയമഭേദഗതി ബിൽ, അന്തർ സംസ്ഥാന സഹകരണ സംഘ നിയമഭേദഗതി ബിൽ, വനസംരക്ഷണ നിയമ ഭേദഗതി ബിൽ എന്നിവക്കെതിരാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇവ സ്ഥിരം സമിതിയുടെ പഠനത്തിന് വിടണം.

ക്രിസ്മസ് അവധി ദിവസങ്ങളിലെ പാർലമെന്‍റ് സമ്മേളനം ഒഴിവാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഓരോ മത വിഭാഗങ്ങൾക്കും ആഘോഷങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ, ഡിസംബർ 25 ഞായറാഴ്ചയാണെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിശദീകരിച്ചു.

ജനാധിപത്യത്തിന്‍റെ ആഘോഷമാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടാണ് ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകാലം ഒഴിവാക്കി പാർലമെന്‍റ് സമ്മേളന തീയതികൾ നിശ്ചയിച്ചത്.

ശനി, ഞായർ ദിവസങ്ങൾ കൂടാതെ തിങ്കളാഴ്ചയും അവധി വേണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെങ്കിൽ വിഷയം സഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ ഉന്നയിക്കാം. അത്തരത്തിൽ അവധി നൽകിയാൽ സഭാ സമ്മേളനം 29ൽനിന്ന് ഒരുദിവസം കൂടി നീട്ടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Opposition wants Parliament discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.