ജോഷിമഠ് ഇടിഞ്ഞ് താഴുന്നു; 600 കുടുംബങ്ങളെ ഒഴിപ്പിക്കാൻ നിർദേശം

ഡറാഡൂൺ: ഉത്തരാഖണ്ഡില്‍ തീർഥാടന നഗരമായ ബദ്‍രീനാഥിന്റെ കവാടമായ ജോഷിമഠ് പട്ടണത്തിലെ വിള്ളൽവീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളിൽ താമസിക്കുന്ന 600ഓളം കുടുംബങ്ങളെ ഉടൻ ഒഴിപ്പിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നിർദേശം. ഭൂമിക്ക് വിള്ളൽവീണ പട്ടണം മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും.

ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജോഷിമഠിലെ സിംഗ്ധർ വാർഡിൽ വെള്ളിയാഴ്ച വൈകീട്ട് ക്ഷേത്രം തകർന്നുവീണത് നിവാസികളുടെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു.

570 വീടുകളിൽ ഇതുവരെ വിള്ളലുകൾ വീണു. 3000ത്തിലേറെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. 50ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. മൂന്നു ദിവസം മുമ്പ് ജലാശയം തകർന്ന മാർവാറി പ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്.

അതിനിടെ ചാർധാം ഓൾ വെതർ റോഡ്, എൻ‌.ടി.പി.സിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവെച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റോപ് വേയായ ഓലിയുടെ പ്രവർത്തനവും നിർത്തി.

ഒരു വർഷത്തിലേറെയായി മണ്ണിടിച്ചിൽ തുടരുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെയാണ് പ്രശ്നം രൂക്ഷമായത്. നിർമാണ പ്രവർത്തനങ്ങളാണ് ഭീഷണിക്ക് കാരണമെന്നാണ് ആരോപണം. അതേസമയം, പുനരധിവാസം ആവശ്യപ്പെട്ട് ജോഷിമഠം തഹസിൽദാർ ഓഫിസിനു മുന്നിൽ വെള്ളിയാഴ്ചയും ജനങ്ങളുടെ പ്രതിഷേധം തുടർന്നു.

Tags:    
News Summary - orders for immediate evacuation of 600 families in Joshimath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.