ഹിന്ദു ബ്രാഹ്മണനായ കലക്ടർക്കെതിരെ മുസ്‍ലിംകളുടെ പ്രതിഷേധമെന്ന് ആർ.എസ്.എസ് മുഖപത്രം; വിദ്വേഷം പ്രചരിപ്പിക്കാൻ മറ്റൊരു വ്യാജവാർത്ത

മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ കെ.എം.ജെയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ വിഡിയോ ഉപയോഗിച്ച് വിദ്വേഷം പ്രചരിപ്പിക്കാൻ ആർ.എസ്.എസ് നീക്കം. കേരള മുസ്‍ലിം ജമാഅത്ത് കഴിഞ്ഞ ദിവസം നടത്തിയ കലക്ടറേറ്റ് മാർച്ചിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചാണ് ആർ.എസ്.എസ് മുഖപത്രം 'ഓർഗനൈസർ' വ്യാജപ്രചാരണം നടത്തുന്നത്.

കേരളത്തിൽ ഹിന്ദു ബ്രാഹ്മണനായ പുതിയ കലക്ടറുടെ നിയമനത്തിനെതിരെ കൂട്ടമായി പ്രതിഷേധിക്കുന്ന മുസ്‍ലിംകൾ എന്ന അടിക്കുറിപ്പോടെയാണ് ഓർഗനൈസർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഓർഗനൈസറിനു പുറമെ വിവിധ ഹിന്ദുത്വ സംഘടനകളും ഇതേ വിഡിയോ ഏറ്റുപിടിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.

തമിഴ്‌നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദുത്വ സംഘമായ ഇന്ദു മക്കൾ കച്ചിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും കഴിഞ്ഞ ദിവസം വിദ്വേഷകരമായ അടിക്കുറിപ്പോടെ ഇതേ വിഡിയോ പങ്കുവെച്ചിരുന്നു.

കേരള മുസ്‍ലിം ജമാഅത്തിന്റെ പ്രതിഷേധ പരിപാടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് 'ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ മുസ്‍ലിം സംഘടനകളുടെ പ്രതിഷേധം' എന്ന അടിക്കുറിപ്പോടെ കേരളത്തിൽ നിന്ന് തന്നെയുള്ളവരും പ്രചരിപ്പിച്ചിരുന്നു.

സിറാജ് പത്രത്തിലെ മാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറാണ് ശ്രീറാമിന്റെ അതിക്രമത്തിൽ കൊല്ലപ്പെട്ടത്. എ.പി സുന്നിവിഭാത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറാജ് പത്രം. എ.പി സുന്നിവിഭാഗത്തിന്റെ കീഴിലുള്ളതാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച കേരളമുസ്ലിം ജമാഅത്ത്. എന്നാൽ, ഈ പ്രതിഷേധ പരിപാടിക്കും വർഗീയ നിറം നൽകിയ പ്രചരണം നടത്തിയവർ പിന്നീട് തിരുത്താൻ തയാറായിട്ടില്ല.


പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തു നിന്നും സർക്കാർ മാറ്റിയിരുന്നു. മദ്യലഹരിയിൽ കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കുകയും പിന്നീട് തെളിവ് നശിപ്പിക്കാൻ ഉന്നത സ്വാധീനം ഉപയോഗിക്കുകയും ചെയ്തയാളെ കലക്ടർ സ്ഥാനത്ത് നിയമിക്കരുതെന്നായിരുന്നു പ്രതിഷേധക്കാർ ഉന്നയിച്ചിരുന്നത്.

Tags:    
News Summary - organiser spreads fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.