ന്യൂഡൽഹി: പ്രതിദിന കോവിഡ് കണക്കുകൾ ഒന്നര ലക്ഷത്തോടടുത്തുനിൽക്കെ കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം മടങ്ങുമെന്ന ആശങ്കയിൽ കുടിയേറ്റ തൊഴിലാളികൾ പലായനം തുടങ്ങിയതോടെ ചില സംസ്ഥാനങ്ങളിൽ സ്പെഷൽ ട്രെയിനുകൾ ആരംഭിച്ച് റെയിൽവേ. വെസ്റ്റേൺ റെയിൽവേക്കു കീഴിലെ അഹ്മദാബാദ് ഡിവിഷനിൽനിന്ന് മാത്രം ഉത്തർ പ്രദേശ്, ബിഹാർ ഉൾപെടെ സംസ്ഥാനങ്ങളിലേക്ക് 20 ട്രെയിനുകൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.
ബിഹാറിലെ ഭാഗൽപൂർ, ഒഡിഷയിലെ പുരി എന്നിവിടങ്ങളിലേക്ക് കച്ചിലെ ഗാന്ധിധാം സ്റ്റേഷനിൽനിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചതായി റെയിൽവേ വൃത്തങ്ങൾ വാർത്ത കുറിപ്പിൽ അറിയിച്ചു. ബറൗനി, സുൽത്താൻപൂർ, ആഗ്ര, ഗോരഖ്പൂർ, വാരാണസി, ലഖ്നോ, ഋഷികേശ്, ഗോളിയോർ, മുസഫർപൂർ, പട്ന, ധർഭംഗ എന്നീ പട്ടണങ്ങളിലേക്കും സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.
അതേ സമയം, കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശങ്കക്കിടയാക്കുംവിധം കുടിയേറ്റ തൊഴിലാളികളുടെ പലായനം വ്യാപകമായിട്ടില്ലെന്നും ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ പദ്ധതികളില്ലെന്നും റെയിൽവേ വാർത്ത കുറിപ്പിൽ അറിയിച്ചു. ആവശ്യത്തിന് അധിക സർവീസുകൾ നടത്താൻ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ വേനൽകാല തിരക്കേ ട്രെയിനുകളിൽ അനുഭവപ്പെടുന്നുള്ളൂ. തിരക്കൊഴിവാക്കാൻ നടപടികൾ സ്വീകരിച്ചതായും റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.