ന്യൂഡൽഹി: 2023ൽ എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ 2000ലധികം കേസുകൾ തീർപ്പാക്കിയതായി സുപ്രീംകോടതി. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ അമിക്കസ്ക്യുരി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. തീർപ്പാക്കാത്ത കേസുകൾ ഉടൻ തീർപ്പാക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായ 501 സ്ഥാനാർഥികളാണ് ആദ്യ രണ്ട് ഘട്ടങ്ങളിലായി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
2810 സ്ഥാനാർഥികളിൽ 1618 സ്ഥാനാർഥികൾ ആദ്യഘട്ടത്തിലും 1192 സ്ഥാനാർഥികൾ രണ്ടാം ഘട്ടത്തിലും മത്സരിക്കുന്നുണ്ട്. ഇതിൽ 518 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. അതിൽ 327 ഗുരുതര കേസുകളാണ്. അഞ്ചു വർഷമോ അതിൽ കൂടുതലോ കാലം തടവുശിക്ഷ ലഭിക്കുന്ന കേസുകളാണെന്ന് 'അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഫോർ ലോക്‌സഭ ഇലക്ഷൻ 2024- ഒന്നാംഘട്ടം, രണ്ടാംഘട്ടം' എന്ന എൻ.ജി.ഒ റിപ്പോർട്ടിൽ പറയുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. 225 ലോക്സഭ അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2023ൽ 1,746 പുതിയ ക്രിമിനൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 2024 ജനുവരി 1 വരെ 4,474 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. 2023 ജനുവരി 1ലെ കണക്കനുസരിച്ച് 1,300ൽ 766 കേസുകൾ ഉത്തർപ്രദേശിലെ പ്രത്യേക കോടതികൾ തീർപ്പാക്കി. 105 കേസുകളുണ്ടായിരുന്ന ഡൽഹി കോടതി 2023 ഡിസംബർ 31 വരെ 103 കേസുകൾ തീർപ്പാക്കി.
മഹാരാഷ്ട്രയിൽ 476 കേസുകളിൽ 232 കേസുകളും പശ്ചിമ ബംഗാൾ 26ൽ 13 കേസുകളും ഗുജറാത്തിൽ 48ൽ 30 കേസുകളും കർണാടകയിൽ 226ൽ 150 കേസുകളും കേരളത്തിൽ 132 കേസുകളും തീർപ്പാക്കി. ബിഹാർ 525 കേസുകളിൽ 171 കേസുകൾ തീർപ്പാക്കി. നിരവധി കേസുകൾ തീർപ്പാക്കിയെങ്കിലും ഒരുപാട് കേസുകൾ ഇപ്പോഴും വിചാരണ നടത്താതെ കിടക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
മൂന്നു വർഷമോ അതിൽ കൂടുതലോ വർഷങ്ങളായി തീർപ്പുകല്പിക്കാതെ കിടക്കുന്ന മുഴുവൻ കേസുകളും പെട്ടന്ന് തീർപ്പാക്കാൻ ഹൈകോടതികൾ ഉത്തരവിടണമെന്നും നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിന്‍റെ മാതൃകയിൽ കേസുകളുടെ വിചാരണ സംബന്ധിച്ച പുതിയ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള വെബ്‌സൈറ്റിന് രൂപം നൽകാനും സത്യവാങ്മൂലം ആവശ്യപ്പെടുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.