34 ലക്ഷത്തിലധികം കൗമാരക്കാർക്ക് രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ നൽകിയതായി സർക്കാർ

34 ലക്ഷത്തിലധികം കൗമാരക്കാർക്ക് രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ നൽകിയതായി സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍റെ കവറേജ് 168.47 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തെ 15 മുതൽ 18 വയസ്സുവരെ പ്രായപരിധിയുള്ള 65 ശതമാനം കൗമാരക്കാർക്കും അവരുടെ ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരി 16 മുതലാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവെപ്പ് നൽകിയത്. തുടർന്ന് ഫെബ്രുവരി രണ്ട് മുതൽ മുൻനിരപ്രവർത്തകർക്ക് കുത്തിവെപ്പ് നൽകി.

മാർച്ച് ഒന്ന് മുതലാണ് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ അറുപത് വയസ്സിന് മുകളിലുള്ളവർക്കും നാൽപത്തഞ്ച് വയസ്സിനു മുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവർക്കുമാണ് കുത്തിവെപ്പ് നൽകിയത്. ഏപ്രിൽ ഒന്നുമുതൽ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകി. മെയ് ഒന്നുമുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കുത്തിവെപ്പ് നൽകി വാക്സിനേഷൻ യജ്ഞത്തിന്റെ വ്യാപ്തി വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു.

ഈ വർഷം ജനുവരി മൂന്ന് മുതലാണ് 15 വയസ് മുതൽ 18 വരെയുള്ള കൗമാരക്കാർക്ക് കുത്തിവെപ്പ് നൽകി വാക്സിനേഷന്റെ അടുത്തഘട്ടം ആരംഭിച്ചത്. കോവിഡ് വകഭേദമായ ഒമിക്രോൺ കേസുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിലും അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്നതിന്റെ ഭാഗമായും ആരോഗ്യ പ്രവർത്തകർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും 60 വയസിന് മുകളിലുള്ളവർക്കും ജനുവരി 10 മുതൽ മുൻകരുതൽ ഡോസും നൽകിയിരുന്നു. 

Tags:    
News Summary - Over 34 lakh eligible adolescents given second dose of COVID-19 vaccine: Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.