അഹമ്മദാബാദ്: ഗുജറാത്തിൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മൂല്യനിർണയത്തിൽ മാർക്കുകൾ കൂട്ടിയത് തെറ്റിച്ച 9000ത്തിലേറെ അധ്യാപകർക്ക് ഒന്നരക്കോടി രൂപ പിഴയിട്ടു. രണ്ട് വർഷത്തെ പരീക്ഷ മൂല്യനിർണയത്തിൽ ഉത്തരക്കടലാസിലെ മാർക്കുകൾ കൂട്ടുന്നതിൽ തെറ്റ് വരുത്തിയ അധ്യാപകരുടെ കണക്കാണിത്. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോറാണ് കണക്ക് നൽകിയത്.
മൂല്യനിർണയത്തിൽ തെറ്റുകൾ വരുന്ന പരാതിയെ തുടർന്ന് ഓരോ കേന്ദ്രത്തിലും മാർക്കുകൾ കൂട്ടിയത് പരിശോധിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനയിലാണ് രണ്ട് വർഷത്തെ മൂല്യനിർണയത്തിൽ 9218 അധ്യാപകരുടെ കണക്ക് പിഴച്ചതായി കണ്ടെത്തിയത്.
പത്താം ക്ലാസ് മൂല്യനിർണയം നടത്തിയ 3350 അധ്യാപകരും 12ാം ക്ലാസ് മൂല്യനിർണയം നടത്തിയ 5868 അധ്യാപകരും മൊത്തം മാർക്ക് കൂട്ടിയിടുന്നതിൽ തെറ്റുവരുത്തി. 1.54 കോടി രൂപയാണ് അധ്യാപകരിൽ നിന്ന് പിഴ ചുമത്തിയത്. ഒരു അധ്യാപകന് ശരാശരി 1600 രൂപ വരുമിത്. ഒരുകോടിയോളം രൂപ അധ്യാപകർ പിഴയടച്ചുകഴിഞ്ഞു.
53.97 ലക്ഷത്തോളം പിഴ ഇനിയും അടക്കാനുണ്ട്. ഇതിനായി സ്കൂളുകൾ വഴി ജില്ല വിദ്യാഭ്യാസ ഓഫിസർമാർ അധ്യാപകരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.