ന്യൂഡൽഹി: 2024ൽ ദുർബലനായ പ്രധാനമന്ത്രിയെയായിരിക്കും ഇന്ത്യക്ക് ലഭിക്കുകയെന്ന് ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസി. 2024ൽ സഖ്യകക്ഷി സർക്കാറാണ് രൂപീകരിക്കുന്നതെങ്കിൽ പ്രധാനമന്ത്രിയാവുന്നയാൾ ദുർബലനായിരിക്കും. രാജ്യത്തെ ദുർബല വിഭാഗങ്ങൾക്ക് വേണ്ടിയെങ്കിലും എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നാണ് പറയാനുള്ളതെന്നും ഉവൈസി വ്യക്തമാക്കി.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനേയും വിമർശിച്ചാണ് ഉവൈസിയുടെ പ്രസ്താവന. മതേതരത്വം എന്ന ആശയത്തെ ഒറ്റുകൊടുക്കുകയാണ് ദേശീയ നേതാക്കൾ ചെയ്യുന്നത്. നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാവുമ്പോൾ അദ്ദേഹം ബി.ജെ.പിക്കൊപ്പമായിരുന്നു. ഗോധ്ര കലാപം ഉണ്ടാവുമ്പോഴും അദ്ദേഹം ബി.ജെ.പിക്കൊപ്പമായിരുന്നു. 2015ൽ അദ്ദേഹം സഖ്യം വിട്ടുവെങ്കിലും 2017ൽ വീണ്ടും ചേർന്നു. നരേന്ദ്ര മോദിയെ അധികാരത്തിലെത്തിക്കാൻ വേണ്ടിയായിരുന്നു അത്. എന്നാൽ, ഇപ്പോൾ വീണ്ടും അദ്ദേഹം സഖ്യം വിട്ടിരിക്കുകയാണെന്ന് ഉവൈസി പറഞ്ഞു.
കഴിഞ്ഞ മാസമാണ് ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പി സഖ്യംവിട്ട് മഹാഗഡ്ബന്ധനിലേക്ക് തിരിച്ചെത്തിയത്. ആർ.ജെ.ഡിയുമായി ചേർന്ന് സർക്കാറും നിതീഷ് കുമാർ രുപീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.