മുംബൈ: രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയും ആളുകൾ ഓക്സിജൻ ഇല്ലാതെ മരിച്ചുവീഴുന്ന സംഭവങ്ങൾ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷകനായി അവതരിച്ചിരിക്കുകയാണ് ഓക്സിജൻ മാൻ എന്നറിയപ്പെടുന്ന ഷാനവാസ് ശൈഖ്.
22 ലക്ഷം രൂപ വില വരുന്ന തന്‍റെ ആഡംബര എസ്.യു.വിയായ ഫോർഡ് എൻഡവർ വിറ്റ് ആളുകൾക്ക് ഓക്സിജൻ എത്തിച്ച് നൽകിയാണ് ഷാനവാസ് ഏവരുടെയും മനസിൽ ഇടംപിടിച്ചത്. വണ്ടി വിറ്റ വകയിൽ ലഭിച്ച തുക കൊണ്ട് 160 ഓക്സിജൻ സിലിൻഡറുകൾ വാങ്ങി ആവശ്യക്കാർക്ക് നൽകി. പാവങ്ങളെ സഹായിച്ചുവരവേ, തന്‍റെ പണം തീർന്നെന്നും, അതോടെ കാർ വിൽക്കേണ്ടതായി വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ മലാഡ് സ്വദേശിയായ ഷാനവാസ് ഏറെക്കാലമായി അവിടുത്തുകാർക്ക് ഓക്സിജൻ വിതരണം ചെയ്യാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യക്കാർ അദ്ദേഹത്തിന് ഒരു ഫോൺ കോൾ ചെയ്താൽ മാത്രം മതിയാകും. അദ്ദേഹത്തിന്‍റെ ടീം മേഖലയിൽ ഒരു കൺട്രോൾ റൂം വരെ സ്ഥാപിച്ചിട്ടുണ്ട്. ആരും ഓക്സിജൻ കിട്ടാതെ ബുദ്ധിമുട്ടരുത് എന്ന കാരണത്താലാണത്.
ഓക്സിജൻ ലഭിക്കാത്തത് മൂലം തന്‍റെ സുഹൃത്തിന്‍റെ ഭാര്യ ഓട്ടോറിക്ഷയിൽ കിടന്ന് മരിച്ചുവെന്നും അതിനുശേഷമാണ് മുംബൈയിലെ രോഗികൾക്കായി ഓക്സിജൻ വിതരണ ഏജന്‍റായി ജോലി ചെയ്യാൻ തീരുമാനിച്ചതെന്നും ഷാനവാസ് പറയുന്നു. ആളുകൾക്ക് സഹായമഭ്യർഥിച്ച് വിളിക്കാനായി ഒരു ഹെൽപ്-ൈലൻ നമ്പറും ഒരു കൺട്രോൾ റൂമും വരെ സ്ഥാപിക്കുന്നതിലേക്ക് അത് നയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ അവസ്ഥ ഏറെ വ്യത്യസ്തമാണെന്നും ഈ ജനുവരിയിൽ ഓക്സിജനുവേണ്ടി 50 കോളുകൾ ലഭിച്ച സ്ഥാനത്ത് നിലവിൽ ദിവസവും 500 മുതൽ 600 വരെ ഫോൺ കോളുകൾ വരുന്നുണ്ടെന്നും ഷാനവാസ് പറഞ്ഞു.
ഷാനവാസിന്‍റെ ടീമംഗങ്ങൾ സിലിണ്ടറുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് രോഗികൾക്ക് വിശദീകരിച്ച് നൽകും. ഉപയോഗത്തിനുശേഷം, മിക്ക രോഗികളും ശൂന്യമായ സിലിണ്ടറുകളാണ് അവരുടെ കൺട്രോൾ റൂമുകളിൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ 4000 ത്തിലധികം ആളുകളിലേക്ക് തങ്ങൾ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.