ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാറിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഇസ്രായേലി സ്ഥാപനമായ എൻ.എസ്.ഒയുടെ ഉപഭോക്താവാണോയെന്ന് ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ബുദ്ധിമുട്ടുന്നത് എന്തിനെന്നായിരുന്നു മുൻ കേന്ദ്രമന്ത്രിയുടെ ചോദ്യം.
40 സർക്കാറുകളും 60 ഏജന്‍സികളും എൻ.എസ്.ഒ ഗ്രൂപ്പിന്‍റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന്‍റെ ഇരുസഭകൾക്ക് അകത്തും പുറത്തും പെഗസസ് വിഷയം കത്തിപ്പടരുന്നതിനിടെയാണ് ചിദംബരത്തിന്‍റെ ചോദ്യം.
'ലളിതമായ ഒരു ചോദ്യം: ഈ 40ൽ ഇന്ത്യ ഗവൺമെന്‍റ് ഉൾപ്പെടുമോ? ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിന്?' -പി. ചിദംബരം ചോദിച്ചു.
സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, മന്ത്രിമാർ ഉൾപ്പെടെ 300ഓളം പേരുടെ ഫോൺ ചോർത്തിയെന്ന് അന്തരാഷ്ട്ര മാധ്യമങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചായിരുന്നു സൈബർ ആക്രമണം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, േകന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് സിങ് പേട്ടൽ, അശ്വിനി വൈഷ്ണവ്, ബിസിനസുകാരനായ അനിൽ അംബാനി, മുൻ സി.ബി.െഎ മേധാവി, 40ഓളം മാധ്യമപ്രവർത്തകർ തുടങ്ങി ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെടും. അതേസമയം ഫോൺ ചോർത്തൽ ആരോപണം കേന്ദ്രസർക്കാർ നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.