ലഖ്നോ: മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ അദ്ദേഹത്തെ പരിഹസിച്ചിരിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി എം.എൽ.എ സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമായിരുന്നുവെന്ന് മൗര്യ കൂട്ടിച്ചേർത്തു.
പത്മ വിഭൂഷൺ നൽകി കേന്ദ്ര സർക്കാർ മുലായത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിച്ചിരിക്കുകയാണെന്നും മൗര്യ പറഞ്ഞു.
മരണാനന്തര ബഹുമതിയായാണ് മുലായത്തിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചത്.
പാർട്ടി വക്താവ് ഐ.പി സിങ്ങും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ‘പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഒഴികെ, മറ്റൊരു ബഹുമതിയും മണ്ണിന്റെ മകൻ മുലായം സിങ് യാദവിന് യോജിക്കില്ല. നമ്മുടെ നേതാജിക്ക് ഒട്ടുംവൈകാതെ ഭാരതരത്‌ന നൽകാനുള്ള പ്രഖ്യാപനം നടത്തണം’ -ഐ.പി സിങ് ട്വീറ്റ് ചെയ്തു.
സമാജ് വാദി പാർട്ടി സ്ഥാപകനും മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10 നാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.