ന്യൂഡൽഹി: ദീപാവലിക്ക് ഡൽഹിയിൽ പടക്ക വിൽപന നിരോധിച്ച ഉത്തരവിൽ വർഗീയത കലർത്തരുതെന്ന് സുപ്രീംകോടതി. തീരുമാനം പിൻവലിക്കണമെന്ന ഒരു സംഘം വ്യാപാരികളുടെ ആവശ്യം കോടതി നിരസിച്ചു. ഉത്തരവിന് വർഗീയ നിറം നൽകിയതിൽ കോടതി നടുക്കം രേഖപ്പെടുത്തി. ‘ഞാനും ആത്മീയവാദിയാണ്, എന്നാൽ ഇത് അതിൽനിന്ന് വ്യത്യസ്തമാണ്’ ^ജസ്റ്റിസ് എ.കെ. സിക്രി പറഞ്ഞു. ജനം ദീപാവലി ആഘോഷിക്കുന്നത് തടസ്സപ്പെടുത്താനുള്ള ഉത്തരവല്ല ഇത്. ഒരു വർഷത്തേക്കുള്ള പരീക്ഷണമാണ്. അത് കഴിഞ്ഞ് എന്തുവേണമെന്ന് ആലോചിക്കാമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ദീപാവലിക്കുശേഷം നവംബറിൽ തലസ്ഥാനം വിഷപ്പുകയിൽ അമർന്ന സാഹചര്യത്തിൽ അത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായാണ് ദീപാവലി നാളുകളിൽ വിൽപന തടഞ്ഞത്. മുൻ ഉത്തരവിന് സെപ്റ്റംബറിൽ അനുവദിച്ച ഇളവുകൾ റദ്ദാക്കി തിങ്കളാഴ്ചയാണ് ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ച് പടക്ക വിൽപന വിലക്കിയത്. മൂന്ന് കുട്ടികൾ നൽകിയ ഹരജിയെ തുടർന്നായിരുന്നു ഇത്.
പടക്ക വിൽപന നിരോധിച്ച ഉത്തരവിനെതിരെ ഡൽഹിയിലെ പടക്ക വിൽപനക്കാരാണ് കോടതിയെ സമീപിച്ചത്. നിരോധനത്തിന് ഇളവ് വേണമെന്നും ഇല്ലെങ്കിൽ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിച്ച സ്റ്റോക്ക് വിൽക്കാൻ കഴിയാതെ വരുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. എന്നാൽ, മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ഇൗ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. വിലക്ക് നവംബർ ഒന്നുവരെ നിലനിൽക്കും.
നിരോധനത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളുടെ ആഘോഷത്തിന് മാത്രം എന്തിന് നിയന്ത്രണം എന്നായിരുന്നു എഴുത്തുകാരൻ ചേതൻ ഭഗത്തിെൻറ പ്രതികരണം. ക്രിസ്മസിന് ക്രിസ്മസ് ട്രീ നിരോധിക്കുന്നതുപോലെയും ബക്രീദിന് ആടിനെ നിരോധിക്കുന്നതുപോലെയുമാണ് പടക്ക നിരോധനം എന്നും ചേതൻ ഭഗത് ട്വീറ്റ് ചെയ്തു. ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നുവെന്ന് യോഗ ഗുരു രാംദേവും പറഞ്ഞു. എന്നാൽ, ശശി തരൂർ അടക്കമുള്ളവർ നിരോധനത്തെ പിന്തുണച്ചു.
ഒക്ടോബർ 16നാണ് ദീപാവലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.