നോയിഡ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ‘ഹർ ഘർ തിരംഗ’ കാമ്പയിന്റെ ഭാഗമായി വീട്ടിൽ ത്രിവർണ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ച് സീമ ഹൈദർ. പബ്ജി വഴി പരിചയപ്പെട്ട സുഹൃത്ത് സച്ചിൻ മീണയുമായി ജീവിക്കുന്നതിനായി പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ സീമ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണിപ്പോൾ. ഹർ ഘർ തിരംഗയുടെ ഭാഗമായി സീമ ഹൈദറും സച്ചിൻ മീണയും ബന്ധുക്കളോടൊപ്പം പതാക ഉയർത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സീമയുടെ അഭിഭാഷകൻ എ.പി. സിങ്ങും സന്നിഹിതനായിരുന്നു.
തന്‍റെ നാല് മക്കളോടൊപ്പം ‘പാകിസ്ഥാൻ മൂർദാബാദ്’ എന്നും ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’എന്നും വിളിക്കുന്ന സീമയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഭാരത് മാതാ കീ ജയ് എന്ന് പറയുകയും ത്രിവർണ നിറത്തിലെ സാരിയും ജയ് മാതാ ജി എന്ന ബാൻഡും ധരിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ ജീവിതകഥയെ ആസ്പദമാക്കി നിർമിക്കുന്ന ‘കറാച്ചി ടു നോയിഡ’ എന്ന ഹിന്ദി സിനിമയിൽ അഭിനയിക്കാൻ സീമക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, അഭിനയിക്കരുതെന്ന മഹാരാഷ്ട്ര നവനിർമാൺ സേന മേധാവി രാജ് താക്കറെയുടെ മുന്നറിയിപ്പിനെ തുടർന്ന് സിനിമയിൽനിന്ന് പിന്മാറി. ഒരു പാക്കിസ്ഥാൻകാരിക്ക് ഇന്ത്യൻ സിനിമയിൽ അവസരം നൽകരുതെന്ന് ചൂണ്ടിക്കാട്ടി എം.എൻ.എസ് ജനറൽ സെക്രട്ടറി അമേയ ഖോപ്കർ രംഗത്തുവന്നിരുന്നു.
കുട്ടികളുമൊത്ത് ഇന്ത്യയിൽ ജീവിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സീമ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദയാഹരജി നൽകിയിട്ടുണ്ട്. അതേസമയം, സീമക്ക് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായും പാക് സൈന്യവുമായും ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നതിനാൽ ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.