ശ്രീനഗർ: കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വ്യാപക ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് സേന കനത്ത വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായും പ്രതിരോധ വക്താവ് അറിയിച്ചു.
പുലർച്ചെ 4.30 ഒാടെയാണ് പാക് സൈന്യം മാൻകോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകൾ ഉപയോഗിച്ച് വ്യാപക ഷെല്ലാക്രമണം നടത്തിയത്. ഇതിനിടെ ഇന്ത്യൻ പോസ്റ്റുകൾക്ക്് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.
പാകിസ്താൻ സൈന്യം ഈ മാസം 45 തവണ വെടിനിർത്തൽ ലംഘിച്ചുവെന്നാണ് റിപ്പോർട്ട്.
രണ്ടാഴ്ച മുമ്പ് രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലും പാക് സൈന്യം മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയിരുന്നു. വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും സൈനിക ഒാഫീസർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ രണ്ടിന്, രാജൗരിയിലെ കെറി സെക്ടറിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.