ഹരിദ്വാര്‍: മഹാ കുംഭമേളക്കിടെ സ്വകാര്യ ലാബ് നടത്തിയത് വ്യാജ കോവിഡ് പരിശോധനകളാണെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കുംഭമേളക്കെത്തിയവരില്‍ നടത്തിയ കോവിഡ് പരിശോധന വെറും പേപ്പറില്‍ മാത്രമാണെന്ന ആരോപണം ഉയര്‍ന്നതോടെ ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.
മഹാ കുംഭമേളക്കിടെ കോവിഡ് റാന്‍ഡം പരിശോധനക്കായി 13 സ്വകാര്യ ലാബുകളെ ആരോഗ്യ വകുപ്പും, ഒമ്പത് സ്വകാര്യ ലാബുകളെ കുംഭമേള സംഘാടകരും ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍, ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിന്റെ പരിശോധനകളാണ് വിവാദമായത്. ഈ ലാബ് കൃത്യമായ പരിശോധന നടത്തിയില്ലെന്നും വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നെന്നുമാണ് പരാതി.
ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിക്കുക. 15 ദിവസത്തിനകം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.
ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ നടന്ന മഹാ കുംഭമേളയില്‍ 70 ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് ഏകദേശ കണക്ക്. ഉത്തരാഖണ്ഡിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കോവിഡ് വ്യാപനം ഉയര്‍ന്നുനിന്ന സമയത്തായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.