ന്യൂഡൽഹി: പുതിയ പാർലമെന്റിന്റെ മേൽക്കൂര ചോർച്ചയിൽ മോദി സർക്കാറിനെ കണക്കറ്റ് കൈകാര്യം ചെയ്ത് പ്രതിപക്ഷം. ‘പുറത്ത് കടലാസ് ചോർച്ച, അകത്ത് വെള്ള ചോർച്ച’ എന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ എക്‌സിൽ ഇട്ട പോസ്റ്റിൽ പരിഹസിച്ചു. പൂർത്തിയായി കേവലം ഒരു വർഷത്തിനുശേഷം രാഷ്ട്രപതി ഉപയോഗിക്കുന്ന പാർലമെന്റ് ലോബിയിൽ വെള്ളം ചോർന്നത് പുതിയ കെട്ടിടത്തിന്റെ കാലാവസ്ഥാ പ്രതിരോധത്തിലെ പ്രശ്‌നങ്ങൾ എടുത്തുകാണിക്കുന്നുവെന്നും എം.പി എഴുതി. കനത്ത മഴയെത്തുടർന്ന് മേൽക്കൂരയിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ശേഖരിക്കാൻ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ലോബിയിൽ താഴികക്കുടത്തിനുതാഴെ തറയിൽ പ്ലാസ്റ്റിക് ബക്കറ്റ് സ്ഥാപിച്ച വിഡിയോയും ടാഗോർ തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചു.
ടാഗോറിന് പിന്നാലെ മറ്റ് പ്രതിപക്ഷ നേതാക്കളായ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും സർക്കാരിനെ ചോദ്യം ചെയ്തു.
മഹുവ മൊയ്ത്ര ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവുമായി ജല ചോർച്ചയെ ബന്ധിപ്പിച്ചു. പുതിയ പാർലമെന്റ് ലോബിയിൽ വെള്ളം ചോരുന്നുവെന്നും ഈ കെട്ടിടം നരേന്ദ്രമോദിയുടെ അഹങ്കാരത്തിന്റെ ഭീമാകാരമായ പ്രതീകമായിട്ടുപോലും 2024ലെ ലോക്‌സഭ ഫലത്തിനുശേഷം അത് ആടിയുലഞ്ഞിരിക്കുകയാണെന്നും അവർ പരിഹസിച്ചു.
‘ബി.ജെ.പി സർക്കാരിന്റെ കീഴിൽ നിർമിച്ച പുതിയ പാർലമെന്റിന്റെ മേൽക്കൂരയിൽനിന്നും വെള്ളം ഒഴുക്കുന്നത് നന്നായി ആലോചിച്ച് രൂപകൽപന ചെയ്തതിന്റെ ഭാഗമാണോ അതോ...’ എന്നായിരുന്നു അഖിലേഷിന്റെ പോസ്റ്റ്. ‘വെള്ളം ഒഴുക്കൽ പരിപാടി പുരോഗമിക്കുന്നു’ വെന്നും പഴയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാറാൻ നിർദേശിച്ചുകൊണ്ട് എസ്.പി നേതാവ് സർക്കാരിനെ പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് പുതിയ പാർലമെന്റിന്റെ ലോബിയുടെ മേൽക്കൂരയിൽനിന്ന് മഴവെള്ളം ഒഴുകുന്ന വിഡിയോ പുറത്തുവന്നത്. കഴിഞ്ഞ വർഷം മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരം ഏകദേശം 1,200 കോടി രൂപ ചെലവിൽ ടാറ്റ പ്രോജക്ട്സ് ആണ് നിർമിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്.സി.പി, ആർക്കിടെക്റ്റ് ബിമൽ പട്ടേലിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്തതാണിത്.
എന്നാൽ, വിഷയത്തിൽ മൗനം പാലിക്കുകയാണ് കേന്ദ്ര സർക്കാർ. അതിനിടെ, കെട്ടിടത്തിന്റെ ലോബിക്ക് മുകളിലുള്ള ഗ്ലാസ് ഡോമുകൾ ശരിയാക്കാൻ ഒട്ടിച്ച വസ്തുക്കൾക്ക് ചെറുതായി സ്ഥാനചലനം സംഭവിച്ചതാണെന്നും ചെറിയ തോതിൽ വെള്ളം ചോർന്നുവെന്നുമുള്ള ഒഴുക്കൻ മറുപടിയിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്.
ജൂൺ അവസാനം അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ നിന്നും സമാനമായ ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.