ന്യൂഡൽഹി: എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചയിച്ചതിനേക്കാൾ ഒരാഴ്ച മുമ്പ് പിരിഞ്ഞതെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല. വിവിധ വിഷയങ്ങളിലെ യോജിപ്പും വിയോജിപ്പും ചർച്ചകളിലാണ് പ്രതിഫലിക്കേണ്ടതെന്നും സഭ തടസ്സപ്പെടുത്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ശീതകാല സമ്മേളനം അവസാനിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സ്പീക്കർ. വിവിധ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് രാഷ്ട്രീയപാർട്ടികൾക്ക് ഉണ്ടാവുക ജനാധിപത്യത്തിൽ സ്വാഭാവികമാണ്. ആരോഗ്യകരമായ ചർച്ചകളിലാണ് അത് പ്രതിഫലിക്കേണ്ടത്. മറിച്ച് സഭാ നടപടി തടസ്സപ്പെടുത്തിയല്ല. പാർലമെന്റ് സുഗമമായി നടത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. സഭാ നടപടി തടസ്സപ്പെടുത്തുന്ന തന്ത്രങ്ങൾ മാറ്റിനിർത്തി ക്രിയാത്മക ചർച്ചക്ക് അവസരമൊരുക്കുകയാണ് അംഗങ്ങൾ ചെയ്യേണ്ടത് -ഓം ബിർല പറഞ്ഞു. ശീതകാല സമ്മേളനം 97 ശതമാനം പ്രവർത്തന ക്ഷമത കാഴ്ചവെച്ചതായി ലോക്സഭയിലെ സമാപന പ്രസംഗത്തിൽ സ്പീക്കർ വിശദീകരിച്ചു. ഡിസംബർ ഏഴു മുതൽ 23 വരെയുള്ള 13 പ്രവൃത്തി ദിവസങ്ങളിലായി 68 മണിക്കൂർ 42 മിനിറ്റ് ലോക്സഭ സമ്മേളിച്ചു. ഒമ്പതു ബില്ലുകൾ അവതരിപ്പിച്ചു; ഏഴെണ്ണം പാസാക്കി. കടൽക്കൊള്ള തടയുന്നതുമായി ബന്ധപ്പെട്ട ബിൽ, ധന വിനിയോഗ-ഉപധനാഭ്യർഥന ബില്ലുകൾ, പട്ടികവർഗ ലിസ്റ്റിൽ കൂടുതൽ വിഭാഗങ്ങളെ ഉൾക്കൊള്ളിക്കുന്ന ഭരണഘടന ഭേദഗതി ബിൽ, കാലോചിതമല്ലാത്ത നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അന്തർസംസ്ഥാന സഹകരണ സംഘ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിട്ടു.
ചോദ്യോത്തര വേളയും ഫലപ്രദമായി. നക്ഷത്ര ചിഹ്നമിട്ട 56 ചോദ്യങ്ങൾക്ക് സഭയിൽ മന്ത്രിമാർ മറുപടി പറഞ്ഞു. ഇതിനു പുറമെ 2,760 ചോദ്യങ്ങൾക്കാണ് രേഖാമൂലം മറുപടി നൽകിയത്. പൊതുപ്രാധാന്യമുള്ള 298 വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ എം.പിമാർക്ക് അവസരം ലഭിച്ചു. ശൂന്യവേളയിൽ ഉന്നയിക്കപ്പെട്ടത് അടിയന്തര പ്രാധാന്യമുള്ള 374 വിഷയങ്ങളാണ്. പാർലമെന്റിന്റെ സ്ഥിരംസമിതികൾ 36 റിപ്പോർട്ടുകൾ സഭയിൽ വെച്ചതായി സ്പീക്കർ ചൂണ്ടിക്കാട്ടി.
സ്പോർട്സിന്റെ പ്രോത്സാഹനം, മയക്കുമരുന്ന് വിപത്ത് എന്നിവ മുൻനിർത്തി സഭയിൽ പ്രത്യേക ചർച്ചകൾ നടന്നിരുന്നു. 59 സ്വകാര്യ ബില്ലുകളും അവതരിപ്പിക്കപ്പെട്ടു. ശീതകാല സമ്മേളനത്തിനിടയിൽ സിംബാബ്വേ ദേശീയ അസംബ്ലി പ്രതിനിധി സംഘം സ്പീക്കർ ജേക്കബ് മുദേന്ദയുടെ നേതൃത്വത്തിൽ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.