Representational Image

മുടി വെട്ടിക്കഴിഞ്ഞപ്പോൾ ഫ്രീയായി കിട്ടിയ തല മസ്സാജ് പണിയായി; സ്ട്രോക്ക് വന്ന് ആശുപത്രിയിലായി 30കാരൻ

ബംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോൾ ബാർബർ നൽകിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക് വന്നെന്ന് 30കാരൻ. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം. രണ്ട് മാസത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു. 

മുടിവെട്ടിക്കഴിഞ്ഞപ്പോൾ ബാർബർ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു. ഇങ്ങനെ തല മസ്സാജ് ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. തല മസ്സാജിനൊടുവിൽ ബാർബർ ഇയാളുടെ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തു. ഇതോടെയാണ് വേദന ആരംഭിച്ചത്.

വേദന മാറുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകുകയും നിലതെറ്റുകയും സംസാരിക്കാൻ സാധിക്കാതാവുകയും ചെയ്തു. ഇടതുവശം തളരുകയും ചെയ്തു.

ഉടൻ ആശുപത്രിയിലെത്തി. മസ്സാജിങ്ങിന്‍റെ ഭാഗമായി കഴുത്ത് ശക്തിയിൽ വെട്ടിച്ചപ്പോൾ തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയിൽ പൊട്ടലുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്തുവെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്നുള്ള സ്ട്രോക്കാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.

സാധാരണ സ്ട്രോക്കിൽ നിന്ന് വ്യത്യസ്തമാണ് ഇത്തരം സ്ട്രോക്കിന്‍റെ കാരണമെന്ന് ആസ്റ്റർ ആർ.വി ആശുപത്രിയിലെ ഡോ. ശ്രീകാന്ത സ്വാമി പറഞ്ഞു. കഴുത്ത് വെട്ടിച്ചത് മൂലമാണ് ഇവിടെ രക്തക്കുഴലുകൾക്ക് പരിക്കേറ്റ് രക്തയോട്ടം കുറഞ്ഞതെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി.

രണ്ട് മാസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് 30കാരന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായത്.

വിദഗ്ധരും പരിശീലനം ലഭിച്ചയാളുകളും മാത്രമേ ഇത്തരത്തിൽ കഴുത്ത് വെട്ടിക്കൽ ഉൾപ്പെടെയുള്ള മസ്സാജിങ് രീതികൾ നടത്താവൂവെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. ബാർബർമാർ ചെയ്യുന്നത് മാത്രമല്ല, ഒരാൾ സ്വയം ചെയ്യുന്ന കഴുത്ത് വെട്ടിക്കലുകൾ പോലും ചിലപ്പോൾ അപകട കാരണമാകും. രക്തക്കുഴലുകൾ പൊട്ടിയാൽ തലച്ചോറിൽ രക്തമെത്താതെ സ്ട്രോക്കിനുള്ള സാധ്യതയുണ്ട് -ഡോക്ടർ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Parlour stroke: Local salon visit turns life-threatening for Karnataka man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.