സെമിനാറിന് പിന്നാലെ സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്

ന്യൂഡൽഹി: സി.പി.എം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിൽ പാർട്ടി ക്ലാസിനും പൊലീസ് വിലക്കേർപ്പെടുത്തിയതായി പാർട്ടി വൃത്തങ്ങൾ. സുര്‍ജിത് ഭവനിൽ വെള്ളിയാഴ്ച മുതൽ നടന്ന സെമിനാറും പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണ് പാർട്ടി ക്ലാസ് പോലും വിലക്കി പോലീസ് രംഗത്തെത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാലാണ് പൊലീസ് നീക്കമെന്ന് സി.പി.എം നേതാക്കൾ പറയുന്നു.  എന്നാൽ ചൊവ്വാഴ്ചയിലെ പൊലീസ് നടപടിയിൽ ഔദ്യോഗിക വിശദീകരണം ഡൽഹി പോലീസ് നൽകിയിട്ടില്ല.

സെമിനാറിന് വിലക്കേർപ്പെടുത്തിയ പൊലീസ് നടപടി നേരത്തെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഡൽഹിയിൽ നടക്കാനിരിക്കുന്ന ‘ജി20’ സമ്മേളനത്തിനെതിരായി ‘വി20’ എന്ന പേരിലാണ് സെമിനാർ സംഘടിപ്പിച്ചിരുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സെമിനാറാണ് ശനിയാഴ്ച രാവിലെ ഡൽഹി പൊലീസ് തടഞ്ഞത്.

ആളുകൾ അകത്ത് പ്രവേശിക്കാതിരിക്കാൻ ബാരിക്കേഡുവെച്ച് തടഞ്ഞ പൊലീസ് സുർജിത് ഭവന്‍റെ ഗേറ്റും പൂട്ടിയിട്ടു. സെമിനാറിന് മുൻ‌കൂർ അനുമതി തേടിയില്ലെന്നാണ് നടപടിക്ക് കാരണമായി പറഞ്ഞത്. എന്നാൽ, പാർട്ടി കെട്ടിടത്തിനകത്ത് നടക്കുന്ന പരിപാടിക്ക് മുൻകൂർ അനുമതി തേടാറില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

അതേസമയം, പൊലീസ് നടപടിയുണ്ടാകുന്നതിനുമുമ്പ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അടക്കമുള്ളവർ സുർജിത് ഭവനിൽ പ്രവേശിച്ചിരുന്നു. ഇവർ നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം സെമിനാറുമായി മുന്നോട്ടുപോയി. അകത്തേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നവർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സെമിനാറിൽ വിഷയം അവതരിപ്പിച്ചശേഷം ജയ്റാം രമേശിന് പുറത്തേക്ക് പോകാനാകാതെ ഏറെസമയം സുർജിത് ഭവൻ വളപ്പിൽ സമയം ചെലവഴിക്കേണ്ടിവന്നു.

പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് വെള്ളിയാഴ്ച രാവിലെ സെമിനാർ ഉദ്ഘാടനം ചെയ്തത്. വിമർശനങ്ങളെ ഭയപ്പെടുന്ന മോദിസർക്കാർ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാൻ ശ്രമിക്കുന്നതാണിതെന്നും ആശയസംവാദത്തെ തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

Tags:    
News Summary - Party class also banned at Surjit Bhavan after the seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.