ബറേലി: പട്ടികജാതി വിഭാഗത്തിൽപെട്ടവരെ നിയമവിരുദ്ധമായി ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ രാംപുരിലും ബല്ലിയയിലും രണ്ടു പേർ അറസ്റ്റിലായി. ക്രിസ്മസ് വേളയിൽ സോഹ്ന ഗ്രാമത്തിൽ പട്ടികജാതിയിൽപെട്ട ചിലരെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന പേരിൽ രാംപുരിൽ പൗലസ് മാസിഹ് എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. പാസ്റ്റർക്കെതിരെ യു.പിയിലെ നിയമവിരുദ്ധ മതപരിവർത്തന നിയമപ്രകാരം കേസെടുത്തു. ഗ്രാമത്തിൽ തന്നെയുള്ള രാജീവ് യാദവ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.
ബല്ലിയയിൽ ടിറ്റൗലി ഗ്രാമത്തിൽ റാംനിവാസ് എന്നയാളാണ് അറസ്റ്റിലായതിൽ മറ്റൊരാൾ. ദലിത് വിഭാഗത്തിലുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച് പൊതുസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരായ കുറ്റം. ഗ്രാമവാസികളാണ് വിവരമറിയിച്ചതെന്ന് പൊലീസ് പറയുന്നു.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബി.എസ്.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സമ്മർദത്തിലൂടെയുള്ള മതംമാറ്റം ശരിയല്ലെന്നാണ് മായാവതി പറഞ്ഞത്.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലും സമാന സംഭവമുണ്ടായതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിയമവിരുദ്ധ മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച് ഒരു സംഘം ദേവ്ധുങ്ങിൽ ക്രിസ്ത്യൻ പുരോഹിതരെ ആക്രമിച്ചു. സംഭവത്തിൽ ‘ആശ ഓർ ജീവൻ കേന്ദ്ര’ എന്ന മിഷനറി സംഘടനക്കും അഞ്ച് ഗ്രാമീണർക്കുമെതിരെ കേസെടുത്തു. നിർബന്ധിത മതംമാറ്റ ശ്രമത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.