മുട്ടോളം വെള്ളത്തിൽ രോഗികൾ, ആശുപത്രി വാർഡിലൂടെ ബൈക്കോടിച്ച് ജീവനക്കാർ; ബിഹാറിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പാറ്റ്ന: രാജ്യത്തെ തന്നെ ഏറ്റവും മോശം ആരോഗ്യരംഗം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ആശുപത്രികളെ നരകസമാനമാക്കാറുണ്ട് ഇവിടെ. യാസ് ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ബിഹാറിൽ പലയിടത്തും ലഭിച്ചത്. ഇതോടെ ആശുപത്രികൾ ചോർന്നൊലിച്ചും വെള്ളം കെട്ടിക്കിടന്നും യാതന അനുഭവിക്കുകയാണ് രോഗികൾ.

ആശുപത്രികളുടെ ദാരുണാവസ്ഥ കാണിക്കുന്ന നിരവധി വിഡിയോകളാണ് ബിഹാറിൽ നിന്ന് പുറത്തുവരുന്നത്. ദർബാംഗ മെഡിക്കൽ കോളജിൽ വെള്ളം കയറിയ വാർഡിൽ കഴിയേണ്ടിവരുന്ന രോഗികളുടെ ദൃശ്യമാണ് ഇത്തരത്തിലൊന്ന്.

മറ്റൊരു വിഡിയോയിൽ മുട്ടോളം വെള്ളം നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ ഒരു ജീവനക്കാരൻ ബൈക്ക് ഓടിച്ച് പോകുന്നത് കാണാം. ആശുപത്രിക്കുള്ളിൽ നായ്ക്കൾ ചുറ്റിത്തിരിയുന്നതും കാണാനാകും.

കതിഹാറിലെ സദർ ആശുപത്രിയിൽ നിന്നും ഇത്തരം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളം വകവെക്കാതെ ഡോക്ടർമാർ രോഗികളെ പരിശോധിക്കാനെത്തുന്നുമുണ്ട്. യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ ബിഹാറിൽ ഏഴ് പേരാണ് മരിച്ചത്.

Tags:    
News Summary - Patients reside in flooded wards and staff drive through hospital corridors on motorbikes in rain-hit Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.