ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കി വീണ്ടും ഫോൺ ചോർത്തൽ വിവാദം. ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്ന് വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് വെളിപ്പെടുത്തൽ.
ഇവരുടെ പേരുവിവരങ്ങൾ ഘട്ടംഘട്ടമായി പുറത്തുവിടുമെന്ന് 'ദ വയർ' വാർത്ത പോർട്ടൽ വ്യക്തമാക്കി. ചോർത്തിയ ഒരു ഫോൺ നിലവിലുള്ള സുപ്രീംകോടതി ജഡ്ജിയുടേതാണ്. നിലവിൽ ആ നമ്പർ ഉപയോഗിക്കുന്നത് ആ ജഡ്ജിതന്നെയാണോ എന്ന് ഉറപ്പുവരുത്തിയിട്ടേ അദ്ദേഹത്തിെൻറ പേര് പുറത്തുവിടൂ എന്നും 'ദ വയർ' കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്പനിയായ എൻ.എസ്.ഒ ആണ് ഇന്ത്യയിൽ പ്രമുഖരുടെ ഫോണുകൾ ചോർത്തിക്കൊടുത്തത്. ഒരു സ്വകാര്യ ഏജൻസിക്കും തങ്ങൾ ചാരപ്പണി നടത്തിക്കൊടുക്കാറില്ലെന്ന് വ്യക്തമാക്കിയ കമ്പനി, ഇന്ത്യയിൽ ആരാണ് തങ്ങളെ ഇൗ ജോലി ഏൽപിച്ചതെന്ന് പറയാനും തയാറായില്ല. 'ഫോർബിഡൻ സ്റ്റോറീസ്' എന്ന പാരിസിലെ മാധ്യമസ്ഥാപനവും ആംനസ്റ്റി ഇൻറർനാഷനലും ചേർന്നാണ് ചാരപ്പണിക്കിരയായവരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയത്.
ഇന്ത്യൻ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. അന്വേഷണത്തിെൻറ ഭാഗമായി മൊബൈൽ ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ചാരവൃത്തിക്ക് ഇസ്രായേൽ കമ്പനി ഉപയോഗിക്കുന്ന പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നും കണ്ടെത്തി.
ഇന്ത്യയിൽ 'ദ വയറും' അമേരിക്കയിലെ വാഷിങ്ടൺ പോസ്റ്റും ബ്രിട്ടനിലെ ഗാർഡിയനും അടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഒരു ഡസനിലേറെ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് 'പെഗാസസ് പ്രോജക്ട്' എന്ന പേരിലാണ് അന്വേഷണം പൂർത്തിയാക്കിയത്. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിന് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അയച്ചുവെന്നും എന്നാൽ, ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയെന്നും 'വയർ' റിപ്പോർട്ട് ചെയ്തു. എന്നാൽ, പെഗാസസ് സ്പൈവെയർ ഉപയോഗിച്ചില്ല എന്നു പറയാൻ പ്രധാനമന്ത്രിയുടെ ഓഫിസ് തയാറായിട്ടില്ല.
ചോർത്തിയവരുടെ വിവരങ്ങൾ പുറത്തായതോടെ ഫോൺ ചോർത്തിയിട്ടില്ലെന്നും മറ്റ് ആവശ്യങ്ങൾക്ക് ഈ ഫോൺ നമ്പറുകൾ ഉപയോഗിച്ചതാകാമെന്നും ഇസ്രായേൽ കമ്പനി അവകാശപ്പെട്ടു. സിറ്റിസൺ ലാബ് എന്ന ഡിജിറ്റൽ ചാരനിരീക്ഷണ ഗേവഷണ സ്ഥാപനമാണ് ഏതൊക്കെ രാജ്യങ്ങളിലുള്ളവരുടെ നമ്പറുകളാണ് ചോർത്തിയതെന്ന് സ്ഥിരീകരിച്ചത്. ഫോൺ ചോർത്തുന്നതിന് ഇന്ത്യൻ ടെലഗ്രാഫ് നിയമവും െഎ.ടി നിയമവും അനുശാസിക്കുന്ന ചട്ടങ്ങളുള്ള ഇന്ത്യയിൽ അതിന് വിരുദ്ധവും ശിക്ഷാർഹവുമായ പ്രവൃത്തിയാണ് ഇസ്രായേൽ കമ്പനി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.