ന്യൂഡൽഹി: പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് റിപ്പോർട്ട്. രണ്ട് പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ അതാരാണണെന്ന് വ്യക്തമായിരുന്നില്ല.
2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്. രാഹുൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന കാലയളവിലാണ് ഫോൺ ചോർത്തിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെ ഫോണ്‍ വിവരങ്ങളും ചോര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാര്ഡിയന്' റിപ്പോർട്ട് ചെയ്തു. പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജി എന്നിവരും ഫോണ്‍ ചോര്‍ത്തലിന് വിധേയമായതായി കണ്ടെത്തി. പ്രശാന്ത് കിഷോറിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ഉപയോഗിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിങ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായുള്ള ആരോപണത്തിന് പിന്നില്‍ വസ്തുതകളില്ലെന്ന് ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ടുകൾ വരുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഫോൺ ചോർത്തിയവരുടെ പട്ടികയിലുണ്ട്.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് 'ദ വയർ' വാർത്ത പോർട്ടൽ വ്യക്തമാക്കി.
എന്നാല്‍ വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. അതേസമയം മാധ്യമവാര്‍ത്തകള്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ജനാധിപത്യ സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.