ന്യൂഡൽഹി: പെഗസസ് ചാരവൃത്തി അന്വേഷിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്. രാജ്യത്തിനും മുകളിലല്ല പ്രധാന മന്ത്രിയെന്നും സത്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണുണ്ടായതെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
നീതി ലഭ്യമാക്കാൻ കോടതി അവരുടെ ജോലി ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.
ഇന്ത്യ എന്ന ആശയം തന്നെ പെഗസസിലൂടെ ആക്രമിക്കപ്പെട്ടു. തങ്ങൾ നിരവധി തവണ പ്രതിഷേധിച്ചു. കേന്ദ്രം ഉത്തരം നൽകിയില്ല. പാർലമെൻറ് നടപടികൾ തടസപ്പെടുത്തി. എന്നിട്ടും കേന്ദ്രം ഉത്തരം നൽകിയില്ല. പാർലെമൻറിൽ ഇനിയും വിഷയം ഉന്നയിക്കും. കോൺഗ്രസ് സീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കോടതി പ്രകടിപ്പിച്ച ആശങ്കയെന്നും രാഹുൽ പറഞ്ഞു.
ന്യൂഡൽഹി: ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ വിവാദത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ വിദഗ്ധ സമിതി അന്വേഷിക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിക്കുക. ജസ്റ്റിസ് ആർ.വി രവീന്ദ്രനാണ് സമിതി അധ്യക്ഷൻ. റോ മുൻ മേധാവി അലോക് ജോഷിയും കംപ്യൂട്ടർ സുരക്ഷാ വിദഗ്ധൻ ഡോ. സന്ദീപ് ഒബ് റോയി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
വിദഗ്ധ സമിതിയെ സഹായിക്കാൻ മൂന്നംഗ സാങ്കേതിക സമിതിയും ഉണ്ടാവും. ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, ഗാന്ധിനഗർ, ഗുജറാത്ത്), മലയാളി ഡോ. പി. പ്രഭാകരൻ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനിൽ ഗുമസ്ത (ഐ.ഐ.ടി മുംബൈ) എന്നിവരാണ് അംഗങ്ങൾ.
കേന്ദ്ര സർക്കാർ സമിതിയോട് സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനും ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ് ലി അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഫോൺ ചോർത്തലിൽ നിന്ന് കേന്ദ്ര സർക്കാറിന് ഒഴിയാനാകില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. വിദേശ ഏജൻസിയുടെ പങ്ക് അന്വേഷിക്കണം. സ്വകാര്യത പ്രധാനമാണ്. സ്വകാര്യതാ ലംഘനത്തിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കേണ്ടതുണ്ട്. വിവര സാങ്കേതികതയുടെ വളർച്ചയിലും സ്വകാര്യത പ്രധാനമാണ്. ഇത്തരം സാങ്കേതികവിദ്യ വേണമോയെന്ന് സർക്കാർ ആലോചിക്കണം.
ചില ഹരജിക്കാർ പെഗാസസിന്‍റെ നേരിട്ടുള്ള ഇരകളാണ്. മൗലികാവകാശങ്ങളിലേക്ക് കടന്നുകയറുന്ന നിയന്ത്രണം വേണ്ട. നിയന്ത്രണങ്ങൾ ഭരണഘടനാ പരിശോധനക്ക് വിധേയമാക്കണം. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കുറച്ച് കാര്യങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. രാഷ്ട്രീയ വിവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച പെഗസസ് ചോർത്തൽ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കേന്ദ്ര സർക്കാർ ചാരവൃത്തി നടത്തിയെന്ന കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളിൽ സുപ്രീംകോടതിയുടെ നിർണായക വിധി. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശി കുമാർ, സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, അഭിഭാഷകരായ എം.എൽ. ശർമ, മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ, ആർ.എസ്.എസ് താത്വികാചാര്യൻ കെ.എൻ ഗോവിന്ദാചാര്യ, മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് അടക്കമുള്ളവരാണ് ഹരജിക്കാർ.
രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലകളിലുള്ളവർ വിവരം ചോർത്തലിന് വിധേയരായിട്ടുണ്ടെന്നാണ് നിഗമനം. പെഗസസ് ഉപയോഗപ്പെടുത്തിയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകാൻ മടിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടത് നീതിപീഠത്തിലെ ചർച്ചാ വിഷയമാക്കാൻ പറ്റില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.
സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു സമിതി രൂപീകരിക്കാമെന്നും ആ സമിതി വഴി പെഗസസുമായി ബന്ധപ്പെട്ട നിലവിലുള്ള തെറ്റിദ്ധാരണകൾ മാറ്റാമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ, കേന്ദ്രത്തിന്‍റെ സമിതിക്ക് ഒരു അന്വേഷണ സംഘത്തിന്‍റെ സ്വഭാവമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നില്ല.
സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി നിലവിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. അതേസമയം, എല്ലാ വിവരങ്ങളും കോടതിക്ക് ബോധ്യപ്പെടണമെന്നും ഫോൺ ചോർത്തൽ സത്യമെങ്കിൽ വസ്തുതകൾ പുറത്തുവരണമെന്നുമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.
ആരോപണം നേരിടുന്ന കേന്ദ്ര സർക്കാർ നിയോഗിക്കുന്ന സമിതിയുടെ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്നാണ് ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.