നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഒരവസരം കൂടി  നൽകിക്കൂടേയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കൃത്യമായ കാരണം അറിയിക്കുന്നവർക്ക് ഒരവസരം നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഒരവസരം കൂടി നൽകിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആരാഞ്ഞു. ജയിലിൽ കിടക്കുന്നവർക്കും മറ്റും 500, 1000 രൂപയുടെ നിരോധിച്ച നോട്ടുകൾ മാറിയെടുക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാർ ജൂലൈ 17നകം ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

യഥാർഥത്തിൽ പ്രശ്നം അനുഭവിക്കുന്നവർക്ക് നോട്ട് മാറ്റിയെടുക്കാൻ അവസരം നിഷേധിക്കുന്നത് ശരിയല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാർ അറിയിച്ചു. തെറ്റുപറ്റി എന്ന കാരണത്താൽ ഒരാളുടെ പണം എടുത്തുമാറ്റാൻ സർക്കാറിന് അവകാശമില്ല. സ്വാഭാവികമായ കാരണങ്ങളാൽ  ഒരാൾക്ക് ഡിസംബർ 30നകം നോട്ട് മാറ്റിയെടുക്കാൻ കഴിഞ്ഞിരിക്കില്ല. മുൻകൂട്ടി കാണാൻ കഴിയാത്ത കാരണങ്ങൾ ഉണ്ടാകാം. അക്കാര്യങ്ങൾ കൂടി പരിഹരിക്കാനുള്ള സംവിധാനം കൂടി ഉണ്ടാകണം. തുടർച്ചയായ അസുഖം മൂലം ഒരാൾക്ക് പണം ഡെപ്പോസിറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്നും കോടതി ചോദിച്ചു. ഡിസംബർ 30 എന്ന ഡെഡ് ലൈൻ പുന:പ്പരിശോധിക്കണമെന്ന നിർദേശമാണ് സുപ്രീംകോടതി കേന്ദ്രസർക്കാറിന് നൽകിയിരിക്കുന്നത്.

കാരണം ബോധിപ്പിക്കാൻ കഴിയുന്നവർക്ക് പഴയ നോട്ടുകൾ മാറിയെടുക്കാൻ അവസരം നൽകുന്ന സംവിധാനം ഏർപ്പെടുത്താൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. കേന്ദ്രത്തിന്‍റെ നിർദേശമില്ലാതെ വ്യക്തികളിൽ നിന്നും നോട്ടുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ആർ.ബി.ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാജ്യത്തെ 500, 1000 നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നവംബറിലാണ് നടത്തിയത്. ബാങ്കുകൾ വഴിയും പോസ്റ്റ് ഓഫിസുകൾ വഴിയും ഈ നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 30 വരെ സമയം അനുവദിച്ചിരുന്നു. മാർച്ച് 30 നകം നിബന്ധനകളോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നോട്ടുകൾ മാറ്റിയെടുക്കാമെന്നും സർക്കാർ ഉത്തരവിറക്കി. എന്നാൽ അതിനുശേഷം ഈ നോട്ടുകൾ എന്തുചെയ്യണമെന്ന് കൃത്യമായ നിർദേശങ്ങളൊന്നും സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

Tags:    
News Summary - People' Must Be Allowed To Deposit Old Notes, Supreme Court madhyamam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.