ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ട് ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ ജന്മാഷ്ടമി പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ അംഗം ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വന്തം രക്തം കൊണ്ട് കത്തെഴുതി.
ആഗസ്റ്റ് 19ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ പ്രാദേശിക വിശ്വാസികൾക്കൊപ്പം ദേവനോട് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എ.ബി.എച്ച്.എം ദേശീയ ട്രഷറർ ദിനേശ് ശർമ്മ പറഞ്ഞു. കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകൾ കോടതിയിൽ നിലവിലിരിക്കെയാണ് ഇത്.
"കൃഷ്ണാരാധന നടക്കുന്നത് അദ്ദേഹത്തിന്റെ ജന്മസ്ഥലമല്ലാത്ത സ്ഥലത്താണ്" -ശർമ്മ തന്റെ കത്തിൽ പറഞ്ഞു. എഴുത്ത് മാധ്യമങ്ങൾക്കും നൽകിയിട്ടുണ്ട്. കൃഷ്ണൻ ജനിച്ച സ്ഥലം ഷാഹി മസ്ജിദ് ഈദ്ഗാഹിന് കീഴിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ആദിത്യനാഥിനെ "ഹിന്ദു ദൈവമായ ഹനുമാന്റെ അവതാരം" എന്ന് വിശേഷിപ്പിച്ച ശർമ്മ, പള്ളിക്കുള്ളിൽ ആരാധന നടത്താൻ മുഖ്യമന്ത്രി അദ്ദേഹത്തിന് അനുമതി നൽകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞു.
അനുമതി നൽകിയില്ലെങ്കിൽ കൃഷ്ണന്റെ ജന്മസ്ഥലത്ത് കൃത്യമായി പ്രണാമം അർപ്പിക്കാതെ ഒരു ജീവിതം നയിക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്നും ശർമ്മ കത്തിൽ ആവശ്യപ്പെട്ടു. ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ ബാല കൃഷ്ണന് ജലാഭിഷേകം നടത്തുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ശർമ്മ മെയ് 18ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ആഗസ്റ്റ് മൂന്നിന് ഈ അപേക്ഷ കോടതി നിരസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.